ശ്രീനഗർ : ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ആദ്യമായി കശ്മീർ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണവുമായി കശ്മീരി ജനത. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ നടന്ന ‘വിക്ഷിത് ഭാരത്, വിക്ഷിത് ജമ്മു & കശ്മീർ’ പൊതുസമ്മേളനത്തിൽ ഒരു ലക്ഷത്തോളം പേരാണ് നരേന്ദ്രമോദിയെ കാണാനായി എത്തിച്ചേർന്നിരുന്നത്. വലിയ മാറ്റങ്ങൾക്കാണ് കശ്മീർ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി. ടൂറിസത്തിലും വികസനത്തിലും വലിയ കുതിപ്പ് തന്നെയാണ് കശ്മീരിൽ ഉണ്ടാകുന്നതെന്നും മോദി അഭിപ്രായപ്പെട്ടു.
“ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുൻപ് ഓരോ വർഷവും നൂറുകണക്കിന് സാധാരണക്കാരായിരുന്നു കല്ലറുകളിലും അക്രമങ്ങളിലും ആയി മരിച്ചിരുന്നത്. 2010 ൽ കല്ലേറ് സംഭവങ്ങളിൽ മാത്രം 112 സാധാരണക്കാർ മരിച്ചു. എന്നാൽ ഇപ്പോൾ ഉരുളൻകല്ലുകൾ കയ്യിലെടുക്കാൻ പോലും ആർക്കും ധൈര്യമില്ല. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ചർച്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്, ആർട്ടിക്കിൾ 370 മൂലം ഉണ്ടായ വിഘടനവാദ വികാരമാണ് കാശ്മീരിലെ തീവ്രവാദത്തിന്റെ വേര് എന്ന്. പ്രസ്തുത ആർട്ടിക്കിൾ റദ്ദാക്കിയതോടെ ഇപ്പോൾ വിഘടനവാദത്തിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്”- പ്രധാനമന്ത്രി വ്യക്തമാക്കി.
“ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിൽ നടക്കുന്ന ഭീകരാക്രമണങ്ങളിലും വലിയ കുറവുണ്ടായി. 2004 നും 2014നും ഇടയിൽ 7217 ഭീകരാക്രമണങ്ങൾ ആയിരുന്നു കശ്മീരിൽ സംഭവിച്ചത്. എന്നാൽ മോദി സർക്കാർ 9 വർഷം കൊണ്ട് ഈ ഭീകരാക്രമണങ്ങളിൽ 70% കുറവുണ്ടാക്കി. കഴിഞ്ഞ 9 വർഷങ്ങൾക്കുള്ളിൽ അക്രമ സംഭവങ്ങളിൽ കശ്മീരിലെ സാധാരണക്കാരുടെ മരണസംഖ്യ 72% വും സുരക്ഷാസേനയുടെ മരണസംഖ്യ 59 ശതമാനവും കുറഞ്ഞു. 2023ല്‍ ഒരു കല്ലേറു പോലും ജമ്മു കശ്മീരിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. 2010 ൽ 6235 സുരക്ഷാ ഉദ്യോഗസ്ഥർക്ക് കല്ലേറിൽ പരിക്കേറ്റിരുന്ന സ്ഥലത്ത് 2023 ൽ ഒരാൾക്ക് പോലും പരിക്കേറ്റിട്ടില്ല” എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
Discussion about this post