ജയ്പൂർ : രാജസ്ഥാനിലെ കോട്ടയിൽ ശിവരാത്രിയോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടയിൽ വൈദ്യുതാഘാതമേറ്റ് അപകടം. ഘോഷയാത്രയിൽ പങ്കെടുത്തിരുന്ന 15 കുട്ടികൾക്ക് പൊള്ളലേറ്റു. ഘോഷയാത്രയിൽ കുട്ടികളുടെ കൈവശമുണ്ടായിരുന്ന കൊടി വൈദ്യുതി കമ്പിയിൽ കുരുങ്ങിയാണ് അപകടമുണ്ടായത്.
വൈദ്യുതാഘാതമേറ്റ കുട്ടികളെ ഉടൻതന്നെ സമീപത്തെ എംബിബിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 70% ത്തോളം പൊള്ളലേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മറ്റൊരു കുട്ടിക്ക് 50% ത്തോളം പൊള്ളലേറ്റിട്ടുണ്ട്. ബാക്കിയുള്ള കുട്ടികളുടെ ശരീരത്തിലെ പൊള്ളൽ കാര്യമുള്ളതല്ല എന്നാണ് ആശുപത്രിയിൽ നിന്നും ഉള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
9 വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളാണ് അപകടത്തിൽ പെട്ടിട്ടുള്ളത്. കോട്ട നഗരത്തിൽ എല്ലാ വർഷവും ശിവരാത്രി ദിവസം നടത്തിവരുന്ന ശിവ ബറാത്ത് ഘോഷയാത്രയ്ക്ക് ഇടയിൽ ആയിരുന്നു അപകടം നടന്നത്. കൗമാരക്കാരായ കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഒരു ഘോഷയാത്രയാണിത്. അപകടത്തിൽ സംഘാടകരുടെ ഭാഗത്തുനിന്നും പിഴവുണ്ടായതായി പോലീസ് വ്യക്തമാക്കി. അപകട വിവരം അറിഞ്ഞ് ലോക്സഭാ സ്പീക്കർ ഓം ബിർള, രാജസ്ഥാനിലെ ഊർജ്ജമന്ത്രി ഹീരാലാൽ നഗർ എന്നിവർ ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
Discussion about this post