ചെന്നൈ; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രചരണങ്ങൾ തള്ളി നടനും മക്കൾ നീതി മയ്യം നേതാവുമായ കമല ഹാസൻ. തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുടെ താരപ്രചാരകനായി എത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കമൽ ഹാസൻ പ്രഖ്യാപനം നടത്തിയത്. പകരം അടുത്ത വർഷം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കമല ഹാസന് നൽകുമെന്നാണ് ധാരണയെന്നാണ് വിവരം.
ഞാനും എന്റെ പാർട്ടി എംഎൻഎമും ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എന്നാൽ സഖ്യത്തിനാവശ്യമായ എല്ലാ പിന്തുണയും നൽകും. ഞങ്ങൾ ഒരുമിച്ചത് ഏതെങ്കിലും പദവിക്ക് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ്’ – അദ്ദേഹം പറഞ്ഞു. കമല ഹാസന്റെ നേതൃത്വത്തിലുള്ള മക്കൾ നീതി മയ്യം ഡിഎംകെ സഖ്യത്തിൽ ഔദ്യോഗികമായി ചേരുന്നതിന്റെ ഭാഗമായിട്ടാണ് സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്. തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകൾക്കായും പുതുച്ചേരിയിലെ ഒരു സീറ്റിനായും ഡിഎംകെയ്ക്കായി എംഎൻഎം പ്രചാരണത്തിനിറങ്ങുമെന്നാണ് വിവരം.
Discussion about this post