ശത്രുരാജ്യമായ പാകിസ്താനെ ശ്വാസംമുട്ടിക്കുന്ന നിർണ്ണായക നീക്കവുമായി ഭാരതം. പതിറ്റാണ്ടുകളായി പാകിസ്താനിലേക്ക് ഒഴുകിക്കൊണ്ടിരുന്ന രവി നദിയിലെ ഭാരതത്തിന്റെ അവകാശപ്പെട്ട ജലം ഇനി മുതൽ പൂർണ്ണമായും നമ്മുടെ കർഷകർക്ക് സ്വന്തം. പഞ്ചാബിലെ പത്താൻകോട്ടിന് സമീപം രവി നദിക്ക് കുറുകെയുള്ള ഷാപ്പൂർ കണ്ടി ബാരേജ് (Shahpur Kandi barrage) ഈ മാസം 31-ഓടെ പൂർത്തിയാകുന്നതോടെ പാകിസ്താനിലേക്കുള്ള ജലപ്രവാഹം ഭാരതം പൂർണ്ണമായും തടയും. കൊടും വേനലിലേക്ക് കടക്കാനിരിക്കെ പാകിസ്താന്റെ കൃഷിയെയും സാമ്പത്തിക വ്യവസ്ഥയെയും തകിടം മറിക്കുന്ന പ്രഹരമായിരിക്കും ഭാരതത്തിന്റെ ഈ ‘വാട്ടർ ബോംബ്’
1960-ലെ സിന്ധു നദീജല കരാർ പ്രകാരം കിഴക്കൻ നദികളായ രവി, ബിയാസ്, സത്‌ലജ് എന്നിവയിലെ വെള്ളം ഇന്ത്യയ്ക്ക് പൂർണ്ണമായും അവകാശപ്പെട്ടതാണ്. എന്നാൽ കഴിഞ്ഞ 45 വർഷമായി അനാസ്ഥയും രാഷ്ട്രീയ തർക്കങ്ങളും കാരണം ഈ വെള്ളം പാകിസ്താനിലേക്ക് വെറുതെ ഒഴുകുകയായിരുന്നു. 1979-ൽ വിഭാവനം ചെയ്ത പദ്ധതിയായിട്ടും കോൺഗ്രസ് ഭരണകാലത്ത് ഫയലുകളിൽ ഉറങ്ങിക്കിടന്ന ഷാപ്പൂർ കണ്ടി പദ്ധതിക്ക് ജീവൻ നൽകിയത് നരേന്ദ്ര മോദി സർക്കാരാണ്. 2018-ൽ കേന്ദ്രം ഇടപെട്ട് പഞ്ചാബും ജമ്മു കശ്മീരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുകയും 485 കോടി രൂപ ഗ്രാന്റ് അനുവദിച്ച് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുകയുമായിരുന്നു. ഇതോടെ ജമ്മു കശ്മീരിലെ കത്വ, സാംബ ജില്ലകളിലെയും പഞ്ചാബിലെയും ആയിരക്കണക്കിന് ഹെക്ടർ വരണ്ട ഭൂമിയിലേക്ക് ഇനി രവി നദിയിലെ അമൃത് എത്തും.
കഴിഞ്ഞ വർഷം പഹൽഗാമിൽ 25 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനുമായുള്ള ജലകരാർ ഭാരതം ഏകപക്ഷീയമായി മരവിപ്പിച്ചിരുന്നു. “രക്തവും വെള്ളവും ഒരേസമയം ഒഴുകാൻ അനുവദിക്കില്ല” എന്ന പ്രധാനമന്ത്രിയുടെ കർക്കശ നിലപാടിന്റെ ഫലമാണിന്ന് പാകിസ്താൻ അനുഭവിക്കുന്നത്. ചെനാബ് നദിയിലെ ജലവൈദ്യുത പദ്ധതികളും ത്സലം നദിയിലെ വൂളർ ബാരേജ് നിർമ്മാണവും ഇന്ത്യ അതിവേഗം പൂർത്തിയാക്കുകയാണ്. ലോകബാങ്കിനെയും ഹേഗിലെ അന്താരാഷ്ട്ര കോടതിയെയും സമീപിച്ച് പാകിസ്താൻ മുറവിളി കൂട്ടുന്നുണ്ടെങ്കിലും ഇന്ത്യ ഇത്തവണ വഴങ്ങില്ലെന്ന സൂചനയാണ് ജമ്മു കശ്മീർ മന്ത്രി ജാവേദ് അഹമ്മദ് റാണയുടെ പ്രസ്താവന നൽകുന്നത്. പാകിസ്താന്റെ നിലനിൽപ്പിനെക്കുറിച്ച് നമ്മൾ എന്തിന് ആകുലപ്പെടണം എന്നും അവർ സ്വന്തം കുഴി തോണ്ടുകയാണെന്നുമാണ് മന്ത്രി തുറന്നടിച്ചത്. പാകിസ്താന്റെ ജിഡിപിയുടെ 25 ശതമാനവും കൃഷിയെ ആശ്രയിച്ചിരിക്കെ, ഇന്ത്യയുടെ ഈ നീക്കം അയൽരാജ്യത്തെ കടുത്ത പട്ടിണിയിലേക്കും ആഭ്യന്തര കലാപത്തിലേക്കും നയിച്ചേക്കാം.










