ന്യൂഡൽഹി : ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ഇന്ത്യയുടെ വാണിജ്യം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ തുടങ്ങി വിവിധ മേഖലകളിലെ വളർച്ചയിൽ ഋഷി സുനക് സംതൃപ്തി രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഉഭയകക്ഷി മേഖലയിൽ കൂടുതൽ പങ്കാളിത്തം കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്. സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട അവസാനഘട്ട ചർച്ചകൾ ആണ് ഇപ്പോൾ നടക്കുന്നത്.
ബ്രിട്ടനും ഇന്ത്യയുമായി നടത്തുന്ന സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളിൽ ഇന്ത്യയിലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ തീരുമാനം ഉണ്ടായേക്കുമെന്ന് യുകെ സ്റ്റേറ്റ് സെക്രട്ടറി ഓഫ് ബിസിനസ് ആൻ്റ് ട്രേഡ് കെമി ബാഡെനോക്ക് കഴിഞ്ഞ ആഴ്ച പ്രസ്താവന നടത്തിയിരുന്നു. നിലവിൽ 36 ബില്യൺ പൗണ്ടിന്റെ വ്യാപാര പങ്കാളിത്തമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്. സ്വതന്ത്ര വ്യാപാര കരാറിൽ തീരുമാനമാകുന്നത് വ്യാപാര ബന്ധം കൂടുതൽ ഉയർത്താൻ സാധിക്കുമെന്നാണ് ഇരുരാജ്യങ്ങളും കരുതുന്നത്.
Discussion about this post