വമ്പന്മാരായ ആഴ്‌സനലും ബാഴ്‌സലോണയും യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ക്വാർട്ടറിൽ. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാംപാദ പ്രീക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗീസ് ക്ലബ് പോർട്ടോയെ ആഴ്‌സനൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. 41 ആം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡാണ് പീരങ്കിപ്പടയ്ക്കായി വല കുലുക്കിയത്. പോർച്ചുഗലിൽ നടന്ന ആദ്യപാദ മത്സരം പോർട്ടോ 1-0ത്തിന് ജയിച്ചിരുന്നു.
അഗ്രിഗേറ്റ് സ്‌കോർ 1-1 ആയതോടെ വിജയിയെ നിശ്ചയിക്കാൻ പെനാൽറ്റി ഷൂട്ട് ഔട്ട് വേണ്ടി വന്നു. പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-2 എന്ന സ്‌കോറിനാണ് ആഴ്‌സനൽ പോർട്ടോയെ മറികടന്ന് ക്വാർട്ടലറിലേക്ക് മാർച്ച് ചെയ്തത്. 14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പീരങ്കിപ്പട യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ കടക്കുന്നത്.
ഇറ്റാലിയൻ കരുത്തരായ നാപ്പോളിയെ 4-2ന്റെ അഗ്രിഗേറ്റ് സ്‌കോറിന് വീഴ്ത്തിയാണ് ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിന്റെ അവസാന എട്ടിൽ ഇടം നേടിയത്. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാംപാദ പ്രീക്വാർട്ടറിൽ 3-1നാണ് ബാഴ്‌സ നാപ്പോളിയെ തോൽപ്പിച്ചത്. ഫെർമിൻ ലോപ്പസ്, ജാവോ കാൻസലോ, റോബർട്ട് ലെവൻഡോവസ്‌കി എന്നിവരാണ് കറ്റാലൻ ക്ലബ്ബിനായി സ്‌കോർ ചെയ്തത്. നാപ്പോളിയുടെ ഏക ഗോൾ അമീർ റഹ്‌മാനിയുടെ വകയായിരുന്നു.
നേപ്പിൾസിൽ അരങ്ങേറിയ ആദ്യപാദ പ്രീക്വാർട്ടറിൽ ബാഴ്‌സലോണയെ നാപ്പോളി 1-1ന് സമനിലയിൽ കുരുക്കിയിരുന്നു. നാല് വർഷത്തിനിടെ ഇതാദ്യമായാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ പ്രവേശിക്കുന്നത്. കഴിഞ്ഞ സീസണിൽ യുസിഎല്ലിന്റെ ക്വാർട്ടറിലാണ് നാപ്പോളി വീണത്.
Discussion about this post