ന്യൂഡൽഹി : സിഎഎ നടപ്പിലാക്കുന്നതിനായി പുതിയ മൊബൈൽ ആപ്പ് അവതരിപ്പിച്ച് കേന്ദ്രസർക്കാർ. പൗരത്വ നിയമ ഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വത്തിന് പുതുതായി അപേക്ഷിക്കുന്നവർക്ക് വേണ്ടിയാണ് ആഭ്യന്തരമന്ത്രാലയം മൊബൈൽ ആപ്പ് അവതരിപ്പിച്ചിട്ടുള്ളത്. അപേക്ഷകർക്ക് ഗൂഗിൾ പ്ലേയിൽ നിന്നും ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.
മൊബൈൽ ആപ്പ് വഴിയല്ലാതെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പൗരത്വത്തിനായി അപേക്ഷിക്കാവുന്നതാണ്. indiancitizenshiponline.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. നേരത്തെ ഒരു ഓൺലൈൻ പോർട്ടലും അപേക്ഷകർക്കായി ആഭ്യന്തരമന്ത്രാലയം അവതരിപ്പിച്ചിരുന്നു.
2014ലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പൗരത്വ ഭേദഗതി ബിൽ. 1955ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ നിയമം അവതരിപ്പിച്ചിട്ടുള്ളത്. 2016 ജൂലൈയിൽ ബില്‍ ലോക്സഭയിൽ അവതരിപ്പിച്ചു. പിന്നീട് സംയുക്ത പാർലമെന്ററി സമിതിയുടെ വിലയിരുത്തലിനു ശേഷം 2019 ജനുവരി എട്ടിനാണ് ബിൽ ലോക്സഭ പാസാക്കിയത്. എന്നാൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിനു മുൻപായി രാജ്യസഭയിൽ പാസാക്കാൻ കഴിയാതിരുന്നതോടെ ബിൽ അസാധുവായിരുന്നു. പിന്നീട് രണ്ടാം നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നശേഷം ഡിസംബർ നാലിനാണ് വീണ്ടും സിഎഎ ബിൽ പാസാക്കിയത്.
Discussion about this post