ഹൈദരാബാദ് : അഴിമതി കാണിക്കുന്ന ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബി ആർ എസ് നേതാവ് കവിതയുടെ അറസ്റ്റിനെക്കുറിച്ച് പരാമർശിച്ചപ്പോഴാണ് പ്രധാനമന്ത്രി അഴിമതിക്കാരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്.
തെലങ്കാനയിലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മോദി കടന്നാക്രമിച്ചു. ഇരു പാർട്ടികളും ജനങ്ങളുടെ പ്രതീക്ഷ തകർക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അഴിമതിക്കെതിരായ പോരാട്ടത്തിൽ തെലങ്കാനയിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ വേണം എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് തെലങ്കാനയിൽ കോൺഗ്രസും ബി ആർ എസും നടത്തിയിട്ടുള്ളതെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. കോൺഗ്രസ് 2ജി സ്പെക്ട്രം ഇടപാടിൽ അഴിമതി നടത്തിയപ്പോൾ ബിആർഎസ് ജലസേചന പദ്ധതിയിൽ പോലും അഴിമതി നടത്തി. കൂടാതെ സംസ്ഥാനത്തെ ഭൂമാഫിയക്ക് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post