ന്യൂഡൽഹി : 2024 ലോക്സഭാ തിരഞ്ഞെടുപ്പ് രാജ്യത്തെ മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുന്നതാണ്. ഇത്തവണ തിരഞ്ഞെടുപ്പിൽ വിധിയെഴുതാൻ 48,000-ത്തിലധികം ട്രാൻസ്‌ജെൻഡർമാർ ആണ് ഉണ്ടാവുക. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു വലിയ മാറ്റമാണ് ട്രാൻസ്‌ജെൻഡർ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്.
18-ാം ലോക്‌സഭ പൊതുതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനിടയിൽ ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ ട്രാൻസ്‌ജെൻഡർ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ ശ്രദ്ധേയമായ വർദ്ധനവ് ചൂണ്ടിക്കാണിച്ചത്. മുൻപ് പലപ്പോഴും രാജ്യത്തെ ട്രാൻസ്ജെൻഡേഴ്സ് വോട്ടേഴ്സ് ഐഡിയുടെ ഭാഗമായിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കുചേരാനായി വലിയ ബോധവൽക്കരണം തന്നെ ട്രാൻസ്ജെൻഡർ ഗ്രൂപ്പുകൾക്കിടയിൽ നടത്തിയിരുന്നതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വ്യക്തമാക്കി.
രാജ്യത്ത് ഒരു വോട്ടറും പിന്തള്ളപ്പെടരുത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കരുതുന്നത്. അതിനാൽ തന്നെ എല്ലാ സാമൂഹിക വിഭാഗങ്ങളിൽ നിന്നുമുള്ള വോട്ടർമാരെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ ട്രാൻസ്ജെൻഡർ വോട്ടർമാർ ഉള്ളത് ഉത്തർപ്രദേശിൽ നിന്നുമാണ്. തമിഴ്നാടും കർണാടകയും ആണ് തൊട്ടടുത്ത സ്ഥാനത്തുള്ള സംസ്ഥാനങ്ങൾ. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമാകുന്നതിനെ കുറിച്ചുള്ള അവബോധം പകർന്നു നൽകി ട്രാൻസ്‌ജെൻഡർമാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരുന്നു എന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വ്യക്തമാക്കി.
Discussion about this post