കൊൽക്കത്ത:പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയെ തള്ളിയിട്ടെന്ന വാദം നിഷേധിച്ച് തൃണമൂൽ നേതാവും മന്ത്രിയുമായ ശശി പഞ്ച. പിന്നിൽ നിന്നുള്ള തള്ളലിലാണ് വീണതെന്ന പ്രചരണങ്ങൾ തള്ളി കൊണ്ടാണ് തൃണമൂൽ കോൺഗ്രസ് നേതാവിന്റെ പ്രതികരണം. മാദ്ധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മമതയ്ക്ക് തലകറക്കം അനുഭവപ്പെട്ടു. തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആരും പിന്നിൽ നിന്ന് തള്ളിയിട്ടില്ല … വീണതിന് ശേഷം മമതക്ക് പരിക്കേറ്റു. മുതിർന്ന ഡോക്ടർമാരാണ് പരിശോധിക്കുന്നത്. എല്ലാത്തിലും വിശദാംശങ്ങൾ ഉടൻ പുറത്തുവരും. മമതയുടെ ആരോഗ്യനില തൃപതികരമാണെന്നും അദ്ദേഹം പറഞ്ഞു.
പിന്നിൽനിന്നുള്ള ശക്തമായ തള്ളലിനെത്തുടർന്നാണ് മമതയ്ക്ക് പരിക്കേറ്റത് എന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ഇക്കാര്യം തള്ളി തൃണമൂൽ നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വൈകീട്ട് കാളിഘട്ടിലെ വീട്ടിൽ കാലുതെന്നി വീണപ്പോൾ ഫർണിച്ചറിൽ തലയിടിച്ചാണ് മുറിവുണ്ടായത്. നെറ്റിയിലും മൂക്കിലുമാണ് പരുക്കേറ്റത്. മമതയുടെ നെറ്റിയിൽ മുറിവേറ്റ് രക്തം ഒഴുകുന്നതിന്റെ ചിത്രത്തോടൊപ്പം തൃണമൂൽ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് വിവരം പങ്കുവെച്ചത ്. ചികിത്സക്ക് ശേഷം അന്ന് രാത്രി തന്നെ മമത ആശുപത്രി വിട്ടിരുന്നു.












