തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് തുറന്ന കത്തുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ഒരാൾ കൈ കാണിച്ചാൽ പോലും ബസ് നിർത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. റോഡിലൂടെ പോകുന്ന ചെറു വാഹനങ്ങളെയും കാൽനടയാത്രക്കാരെയും ശ്രദ്ധയോടെയും കരുതലോടെയും കാണണമെന്നും ഗണേഷ് കുമാർ കെഎസ്ആർടിസി ജീവനക്കാരോട് അഭ്യർത്ഥിച്ചു.
രാത്രി 10 മണിക്ക് ശേഷം സൂപ്പർഫാസ്റ്റുകളും മറ്റു ബസുകളും യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തണം. സ്ത്രീകളെയും കുട്ടികളെയും ഇരുട്ടുള്ള സ്ഥലങ്ങളിൽ ഇറക്കി വിടരുത് എന്നീ ആവശ്യങ്ങളും കെഎസ്ആർടിസി ജീവനക്കാർക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്. കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യ പരിശോധനയും തുടർ ചികിത്സയും ഉറപ്പാക്കും എന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസി സ്റ്റേഷനുകൾ നവീകരിക്കാൻ സ്പോൺസർഷിപ്പ് പദ്ധതികൾ ആലോചനയിലുണ്ട് എന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
അതേസമയം ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 30 ആയി കുറയ്ക്കുന്നത് അടക്കമുള്ള കെ ബി ഗണേഷ് കുമാർ നിർദ്ദേശിച്ച പരിഷ്കാരങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം. ഇക്കാര്യത്തിൽ പിണറായി വിജയൻ ഉറപ്പു നൽകിയിട്ടുണ്ടെന്ന് ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ( സിഐടിയു വിഭാഗം) നേതാക്കൾ അറിയിച്ചു.
Discussion about this post