കൊല്ലം : ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടർന്നുള്ള മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. കൊല്ലം ചവറയിലാണ് സംഭവം നടന്നത്. പുതുക്കാട് ആർ ആർ നിവാസിൽ രാജേഷ് എന്ന 43 വയസ്സുകാരനാണ് മരിച്ചത്. അച്ഛനും അമ്മയും ഇല്ലാതായതോടെ അനാഥരായ ഇവരുടെ അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറല്ല എന്ന് അമ്മ അറിയിച്ചതിനെ തുടർന്നാണ് ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്. കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാൻ കഴിയുമോ എന്ന് ഇവരുടെ ബന്ധുക്കളോടും സമിതി അന്വേഷിച്ചിരുന്നു. എന്നാൽ ബന്ധുക്കളും സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്ന് സ്ഥലം എംഎൽഎയും പഞ്ചായത്ത് പ്രസിഡണ്ടും ചേർന്ന് ശിശുക്ഷേമസമിതിയെ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നാം തീയതി മുതൽ തന്നെ മരിച്ച രാജേഷിന്റെ ഭാര്യ ജിഷയെ കാണാതായിരുന്നു. പോലീസിൽ പരാതി നൽകിയെങ്കിലും ജിഷ സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടു പോയതാണെന്ന് കണ്ടെത്തി. ഭാര്യ ഉപേക്ഷിച്ചു പോയതിൽ മനോവിഷമത്തിൽ ആയിരുന്ന രാജേഷ് ഇന്ന് രാവിലെയാണ് ചവറ മടപ്പള്ളിയിലെ വാടകവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.
Discussion about this post