തെലങ്കാന: രാഹുൽ ഗാന്ധിയുടെ ‘ശക്തി’ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെയും ഇൻഡി സഖ്യത്തിന്റെയും ലക്ഷ്യം ‘ശക്തി’യെ ഇല്ലാതാക്കുക എന്നതാണ്. എന്നാൽ, താൻ ‘ശക്തി’ക്ക് വേണ്ടി ജീവൻ പോലും ത്യജിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവരുടെ േപാരാട്ടം ശക്തിക്ക് എതിരാണെന്ന് ഇൻഡി സഖ്യത്തിന്റെ പ്രകടന പത്രികയിൽ പറയുന്നു. എന്നെ സംബന്ധിച്ച് എല്ലാ അമ്മമാരും സഹോദരിമാരും ശക്തിയുടെ രൂപമാണ്. ഭാരത മാതാവിനെ ആരാധിക്കുന്ന വ്യക്തിയാണ് ഞാൻ. ശക്തിയെ ഇല്ലാതാക്കുക എന്നതാണ് അവരുടെ പ്രകടന പത്രിക. ഞാൻ ആ വെല്ലുവിളി ഏറ്റെടുക്കുന്നു.
ശക്തിയുടെ നാശത്തെ കുറിച്ച് ആർക്കെങ്കിലും പറയാനാകുമോ? ചാന്ദ്രയാൻ ദൗത്യത്തിന്റെ വിജയം സമർപ്പിച്ചുകൊണ്ട് ചാന്ദ്രയാൻ ഇറങ്ങിയ സ്ഥലത്തിന് ഞങ്ങൾ ശിവശക്തി പോയിന്റ് എന്ന നാമം നൽകി. ശക്തിയെ നശിപ്പിക്കാൻ ആ്രഗ്രഹിക്കുന്നവരും ശക്തിയെ ആരാധിക്കുന്നവരും തമ്മിലാണ് യുദ്ധം’- പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി വെറും നടനായിരുന്നുവെന്നും ശക്തിക്കെതിരെയാണ് തങ്ങൾ പോരാടുന്നതെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. ഹിന്ദുത്വത്തിൽ ശക്തി എന്നൊരു വാക്കുണ്ട്. തങ്ങൾ ശക്തിക്കെതിരെയാണ് പോരാടുന്നത്. ചോദ്യമെന്തെന്നാൽ, എന്താണ് ശക്തി? പ്രധാനമന്ത്രിയുടെ ശക്തി ഇവിഎം മെഷീനിലാണെന്നുമുള്ള രാഹുലിന്റെ പരാമർശം വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചിട്ടുള്ളത്.








