തൃശൂർ : തൃശൂരിൽ ലൂർദ് പള്ളിയിൽ ബിജെപി നേതാവ് സുരേഷ് ഗോപി നൽകിയ സ്വർണ കിരീടം പള്ളിക്കാർ അറിയാതെ സിപിഎം കൗൺസിലറും സംഘവും പുറത്തുകൊണ്ടു പോയി പരിശോധിച്ചെന്ന് ആരോപണം. പരിശോധന ഫലം സുരേഷ് ഗോപിക്ക് അനുകൂലമായതോടെ ഉദ്ദേശ്യം പരാജയപ്പെട്ടു. വിവരം പുറത്തറിയാതെ കിരീടം തിരിച്ച് പള്ളിയിലെത്തിച്ചു. പള്ളിയുടെ ചുമതലയുള്ള സിപിഎം പ്രവർത്തകനും തൃശൂരിലെ പ്രമുഖ സിപിഎം നേതാവും ചേർന്നാണ് കൃത്യം നടത്തിയത്. നഗരത്തിലെ പ്രമുഖ ജ്വല്ലറിയിൽ വെച്ച് കിരീടം പരിശോധിക്കുന്നതിന്റെ ചിത്രം പുറത്തുവന്നു.
ലൂർദ് പള്ളിയിൽ സുരേഷ് ഗോപി സമർപ്പിച്ച കിരീടത്തിൽ സംശയം പ്രകടിപ്പിച്ച് വിവാദമാക്കിയതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്കെതിരെ ക്രിസ്ത്യാനികൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കിരീടത്തിന്റെ കാര്യത്തിൽ ഇല്ലാത്ത ഒരു അവകാശവാദവും താൻ ഉന്നയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപിയും കിരീടം പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് ലൂർദ് പള്ളി അധികൃതരും വ്യക്തമാക്കിയതോടെ വിവാദം അവസാനിക്കുകയായിരുന്നു.
ഇതിനിടെയാണ് പള്ളി അധികൃതർ അറിയാതെ കിരീടം പുറത്തുകൊണ്ടു പോയി പരിശോധിച്ചെന്ന വാർത്ത പുറത്ത് വരുന്നത്. പള്ളിയുടെ ചുമതലയിലുള്ള സിപിഎം പ്രവർത്തകനായ കൈക്കാരനാണ് ഇതിനു മുൻകൈ എടുത്തത്. പ്രമുഖ സിപിഎം കൗൺസിലറും ഇ.ഡി അന്വേഷണം നേരിടുന്നയാളുമായ നേതാവിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത് ചെയ്തത്. എന്നാൽ കിരീടം പരിശോധിച്ചപ്പോൾ സുരേഷ് ഗോപിക്ക് അനുകൂലമായിരുന്നു പരിശോധന ഫലം. ഇതോടെ സിപിഎം കൗൺസിലർ വെട്ടിലായി. ഫലം പുറത്തുവന്നാൽ സുരേഷ് ഗോപിക്ക് അനുകൂലമായി ജനവികാരം ഉണ്ടാകുമെന്നതിനെ തുടർന്ന് ആരും അറിയാതെ വിഷയം ഒതുക്കാനാണ് ശ്രമിച്ചത്. എന്നാൽ ജ്വല്ലറിയിൽ കിരീടം പരിശോധിക്കുന്നതിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ വിശ്വാസികൾക്കിടയിൽ പ്രതിഷേധം ഉയർന്നു.
പള്ളിയുടെ അനുമതി ഇല്ലാതെ സിപിഎം നേതാവ് ലൂർദ് മാതാവിന്റെ കിരീടം പുറത്തുകൊണ്ടു പോയതിൽ ശക്തമായ പ്രതിഷേധമാണ് വിശ്വാസികൾക്കിടയിൽ പുകയുന്നത്. കിരീടം പരിശോധിക്കേണ്ടെന്ന് പള്ളിക്കമ്മിറ്റി തീരുമാനിച്ചതിനെ മറികടന്നാണ് , ഭക്തൻ നേർച്ച നൽകിയ കിരീടം പരിശോധിക്കാൻ കൊണ്ടുപോയത്. ഇത് വിശ്വാസികളെയും പള്ളിയേയും അവഹേളിക്കുന്നതിനു തുല്യമാണെന്നാണ് ആരോപണം. വിഷയത്തെക്കുറിച്ച് അറിവില്ലെന്നാണ് പുറത്തുവന്ന ചിത്രത്തിൽ ഉൾപ്പെട്ട ജ്വല്ലറിയുടെ വിശദീകരണം. അതേസമയം സംഭവത്തിൽ ആരോപണ വിധേയനായ സിപിഎം കൗൺസിലർ കരുവന്നൂർ കേസിൽ അറസ്റ്റിലായ പി./ സതീഷ്കുമാറുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്.
Discussion about this post