ഇടുക്കി : സിപിഎം നേതാവ് എംഎം മണി നടത്തിയ അസഭ്യ പരാമർശങ്ങൾക്കെതിരെ ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. എംഎം മണി തെറിയഭിഷേകം ആണ് നടത്തുന്നത്. ഇതെല്ലാം തിരഞ്ഞെടുപ്പിൽ ശ്രദ്ധ തിരിക്കാനുള്ള സിപിഎമ്മിന്റെ ശ്രമമാണെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.
തെറിയും അസഭ്യ പരാമർശങ്ങളും നടത്തി തിരഞ്ഞെടുപ്പിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം ജനങ്ങൾ വിലയിരുത്തും. എം. മണിയുടെ വാക്കുകൾ വെറും അധിക്ഷേപങ്ങൾ മാത്രമാണ്. ഇതൊന്നും നാടൻപ്രയോഗമായി കണക്കാക്കാൻ ആവില്ല. തെറിക്കുത്തരം മുറിപ്പത്തൽ എന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. എന്നാൽ അതേ രീതിയിൽ മറുപടി തന്നിൽ നിന്നും ഉണ്ടാവില്ല എന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.
തെറിയും അസഭ്യവും പറയാൻ ലൈസൻസ് ഉള്ള വ്യക്തിയാണ് താനെന്നാണ് എംഎം മണി ധരിച്ചു വെച്ചിരിക്കുന്നത്. നാടൻ പ്രയോഗങ്ങൾ എന്ന പേരിൽ വളരെ മോശമായ വാക്കുകളാണ് പറയുന്നത്. നേരത്തെയും അദ്ദേഹം തനിക്കെതിരെ ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. എന്നിട്ടും സാംസ്കാരിക നായകന്മാരും മാദ്ധ്യമങ്ങളും എം എം മണിക്ക് വിശുദ്ധ പരിവേഷം നൽകുകയാണ്. ഇടുക്കി ഇപ്പോൾ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും കാരണം എം എം മണിയും ഇടതു സർക്കാരും ആണെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.
Discussion about this post