പാലക്കാട് : ഉത്സവത്തിനായി കൊണ്ടുവന്ന ആനയെ ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ അപകടത്തിൽ ആനപ്പാപ്പാൻ മരിച്ചു. പാലക്കാടാണ് സംഭവം നടന്നത്. ചാത്തപുരം ബാബു എന്ന ആനയുടെ ഒന്നാം പാപ്പാനായ കുനിശ്ശേരി കൂട്ടാല സ്വദേശി ദേവൻ എന്ന 58 വയസ്സുകാരനാണ് മരിച്ചത്.
പാലക്കാട് മേലാർക്കോട് താഴക്കോട്ട് കാവിലെ വേലയ്ക്കായി കൊണ്ടുവന്ന ആനയെ വാഹനത്തിൽ നിന്നും ഇറക്കുമ്പോഴായിരുന്നു അപകടം നടന്നത്. ലോറിയിൽ നിന്നും ആന ഇറങ്ങുന്ന സമയം മുൻപിൽ നിന്നും ആനയെ ഇറങ്ങാനായി സഹായിക്കുകയായിരുന്നു ഒന്നാം പാപ്പാനായ ദേവൻ. എന്നാൽ അതിനിടയിൽ ആന അപ്രതീക്ഷിതമായി മുന്നോട്ട് നീങ്ങിയതോടെ ദേവൻ ആനയ്ക്കും ലോറിക്കും ഇടയിലായി പെടുകയായിരുന്നു.
ആനയ്ക്കും ലോറിക്കും ഇടയിലായി ഒരു ഇരുമ്പ് ദണ്ഡ് പിടിപ്പിച്ചിരുന്നു. ആന പെട്ടെന്ന് മുന്നിലേക്ക് നീങ്ങിയതോടെ പാപ്പാൻ ലോറിയിലെ ഈ ഇരുമ്പ് തണ്ടിനും ആനയ്ക്കും ഇടയിലായി ഞെരിഞ്ഞുപോയതാണ് അപകടത്തിന് കാരണമായത്. അദ്ദേഹത്തെ ഉടൻതന്നെ നെന്മാറയിൽ ഉള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post