ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ മൂന്നാംവട്ട പട്ടിക പുറത്തുവിട്ട് ബിജെപി. തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ ഉൾപ്പെടെയുള്ളവരാണ് ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഏപ്രിൽ 19 നാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
കെ അണ്ണാമലൈ കോയമ്പത്തൂരിൽ നിന്നാകും ജനവിധി തേടുക. മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ചെന്നൈ സൗത്തിൽ മത്സരിക്കും. നീൽഗിരിയിൽ നിന്നാണ് എൽ മുരുകൻ ജനവിധി തേടുക.
ബിജെപി നേതാവ് വിനോജ് സെൽവം ചെന്നൈ സെൻട്രലിൽ നിന്നും മത്സരിക്കും. വെല്ലൂരിൽ നിന്നാകും എസി ഷൺമുഖം മത്സരിക്കുക. സി നരസിംഹൻ കൃഷ്ണഗിരിയിലും, ടി ആർ പാരിവേന്ദ്രൻ പേരമ്പല്ലൂരിലും മത്സരിക്കും. തൂത്തുക്കുടിയിൽ നിന്നാകും നൈനാർ നാഗേന്ദ്രൻ മത്സരിക്കുക. കന്യാകുമാരിയിൽ നിന്നും പൊൻ രാധാകൃഷ്ണനും മത്സരിക്കും.
ഒറ്റഘട്ടമായിട്ടാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 39 ലോക്സഭാ സീറ്റുകളാണ് തമിഴ്നാട്ടിൽ ഉള്ളത്. ഇതിൽ 20 എണ്ണത്തിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്താനാണ് പാർട്ടിയുടെ തീരുമാനം.
Discussion about this post