ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ രാജ് താക്കറെയുടെ എംഎൻഎസ് എൻഡിഎയിൽ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. ചൊവ്വാഴ്ച ഡൽഹിയിൽ എത്തി രാജ് താക്കറെയും മകനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യ സാധ്യത സംബന്ധിച്ച വാർത്തകൾ പുറത്തു വന്നത്.
ബിജെപിയും ശിവസേന ഷിൻഡെ വിഭാഗവും എൻസിപി അജിത് പവാർ വിഭാഗവും അടങ്ങുന്ന മഹായുതി സഖ്യത്തിൽ രാജ് താക്കറെയുടെ എംഎൻഎസ് കൂടി വന്നാൽ എൻഡിഎയുടെ വോട്ടു വിഹിതം വീണ്ടും ഉയരുമെന്നാണ് വിലയിരുത്തൽ. ഇതു വഴി കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡി സഖ്യത്തിന് കനത്ത പ്രഹരം ഏൽപ്പിക്കുകയാണ് ലക്ഷ്യം.
രാജ് താക്കറെയുടെ എൻഡിഎ പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ എംഎൻഎസിന് ഒരു ലോക്സഭാ സീറ്റ് വിട്ടു നൽകാൻ ബിജെപി തയ്യാറാണെന്നാണ് സൂചന. സൗത്ത് മുംബൈ, ഷിർദി, നാഷിക് എന്നീ സീറ്റുകളിൽ ഏതെങ്കിലും എംഎൻഎസിന് അനുവദിക്കാനാണ് സാധ്യത. ഇതിൽ സൗത്ത് മുംബൈ സീറ്റ് ലഭിക്കുകയാണെങ്കിൽ മുതിർന്ന എംഎൻഎസ് നേതാവ് ബാല നന്ദ്ഗാവോങ്കർ മത്സരിച്ചേക്കും. രാജ് താക്കറെയുടെ വിശ്വസ്തൻ കൂടിയാണ് ബാല നന്ദ്ഗാവോങ്കർ.
രാജ് താക്കറെയുടെ എംഎൻഎസിനെ എൻഡിഎയിൽ എത്തിച്ചാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ മറാത്തി വോട്ട് ബാങ്കിൽ വിളളൽ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ അനന്തരവനായ രാജ് താക്കറെ ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2006ലാണ് ശിവസേന വിട്ട് മഹാരാഷ്ട്ര നവനിർമ്മാൺ സേന സ്ഥാപിച്ചത്.
ബാൽ താക്കറെയുമായി കാഴ്ചയിൽ ഏറെ സാദൃശ്യം പുലർത്തുന്ന രാജ് താക്കറെ, മികച്ച പ്രാസിംഗകൻ കൂടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് രാജ് താക്കറെ എൻഡിഎയ്ക്കായി രംഗത്ത് വരുന്നത് ഉദ്ധവ് സേനയുടെ മുംബൈയിലെയും താനെയിലെയും ശക്തി കേന്ദ്രങ്ങളിൽ വലിയ ചലനം ഉണ്ടാക്കാൻ സഹായിക്കും. ശക്തി കേന്ദ്രങ്ങളിൽ ഉദ്ധവിനെ തളയ്ക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ബിജെപിയുടെ ഈ നീക്കത്തിന്.
പാർട്ടി സ്ഥാപിച്ചതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ എംഎൻഎസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2009ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 6 ശതമാനത്തിനടുത്ത് വോട്ടും 13 സീറ്റുകളും നേടാൻ രാജ് താക്കറെയുടെ പാർട്ടിക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടര ശതമാനം വോട്ടും ഒരു സീറ്റുമാണ് എംഎൻഎസ് നേടിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48 സീറ്റിൽ 41 ഉം എൻഡിഎ നേടിയിരുന്നു. അന്ന് ബിജെപിയും ശിവസേനയും സഖ്യമായാണ് മത്സരിച്ചത്.
Discussion about this post