ചെന്നൈ : ടി എം കൃഷ്ണയ്ക്ക് കലാനിധി പുരസ്കാരം നൽകിയ മദ്രാസ് മ്യൂസിക് അക്കാദമി നടപടിക്കെതിരെ പ്രതിഷേധവുമായി കർണാടക സംഗീതജ്ഞർ. കർണാടക സംഗീത ലോകത്തിന് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ടി എം കൃഷ്ണയെ പോലെയുള്ള ഒരു വ്യക്തിക്ക് കലാനിധി പുരസ്കാരം നൽകിയതിനെ നിരവധി കർണാടക സംഗീതജ്ഞരാണ് വിമർശിച്ച് രംഗത്തെത്തുന്നത്.
പ്രശസ്ത കർണാടക സംഗീതജ്ഞരും സഹോദരിമാരും ആയ രഞ്ജനി-ഗായത്രി ഡിസംബറിൽ നടക്കുന്ന മദ്രാസ് മ്യൂസിക് അക്കാദമിയുടെ വാർഷിക സംഗീത കോൺഫറൻസിൽ നിന്നും പ്രതിഷേധ സൂചകമായി പിന്മാറി. ടി എം കൃഷ്ണ പരിപാടിയിൽ അധ്യക്ഷൻ ആകുന്നതിൽ പ്രതിഷേധിച്ച് ആണ് പിന്മാറ്റമെന്ന് ഈ സഹോദരിമാർ തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു .
സംഗീതലോകം ഏറെ ആരാധനയോടെ കാണുന്ന ത്യാഗരാജ സ്വാമികളെയും എം എസ് സുബ്ബലക്ഷ്മിയെയും നിരന്തരമായി അപമാനിച്ചിട്ടുള്ള വ്യക്തിയാണ് ടി എം കൃഷ്ണ. സംഗീതത്തിലെ ആത്മീയതയെ അവഹേളിക്കുകയും ബ്രാഹ്മണരുടെ വംശഹത്യക്ക് പരസ്യമായി ആഹ്വാനം ചെയ്യുകയും ബ്രാഹ്മണരായ സ്ത്രീകളെ മോശം പദപ്രയോഗങ്ങൾ കൊണ്ട് അപമാനിക്കുകയും ചെയ്യുന്ന ടി എം കൃഷ്ണയെ പോലെയുള്ള ഒരാൾക്ക് ഇത്തരമൊരു പുരസ്കാരം നൽകുന്നത് ലജ്ജാകരമാണെന്നാണ് കർണാടക സംഗീതജ്ഞർ വ്യക്തമാക്കുന്നത്.
രഞ്ജനി-ഗായത്രി സഹോദരങ്ങൾക്ക് പിന്നാലെ തൃശൂർ ബ്രദേഴ്സ് എന്നറിയപ്പെടുന്ന ശ്രീകൃഷ്ണ മോഹൻ, രാംകുമാർ മോഹൻ എന്നീ കർണാടക സംഗീതജ്ഞരും പ്രഭാഷകൻ ദുഷ്യന്ത് ശ്രീധറും ടി എം കൃഷ്ണയ്ക്ക് കലാനിധി പുരസ്കാരം നൽകിയതിനെതിരെ പ്രതിഷേധിച്ച് മദ്രാസ് മ്യൂസിക് അക്കാദമി ചടങ്ങിൽ നിന്നും പിന്മാറി. മറ്റൊരു പ്രശസ്ത കർണാടക സംഗീതജ്ഞനായ ചിത്രവീണ രവികിരൺ ടി എം കൃഷ്ണയ്ക്ക് കാലാനിധി പുരസ്കാരം നൽകിയതിൽ പ്രതിഷേധിച്ച് തനിക്ക് നേരത്തെ ലഭിച്ച സംഗീത കലാനിധി പുരസ്കാരം തിരികെ നൽകാൻ തീരുമാനിച്ചതായി മദ്രാസ് മ്യൂസിക് അക്കാദമിയെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.
Discussion about this post