ബംഗളൂരു : ഭാര്യയ്ക്ക് അശ്ലീല വീഡിയോ അയച്ച യുവാവിന് തടവും പിഴയും ശിക്ഷ. ബംഗളൂരു രാജാജി നഗർ സ്വദേശിയായ 30 വയസ്സുകാരനാണ് ഒരുമാസം തടവും 45,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളുടെ ഭാര്യയുടെ സഹോദരന്റെ പരാതിയെ തുടർന്നാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.
2016ലായിരുന്നു ഈ ദമ്പതികൾ വിവാഹിതരായത്. ഭർത്താവ് ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും ഭാര്യ വിദേശത്ത് ജോലി ചെയ്യുന്ന ആളുമായിരുന്നു. വിവാഹത്തിന് ഏതാനും നാളുകൾക്ക് ശേഷം ഇവർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും ഉണ്ടായതിനെ തുടർന്ന് ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് യുവാവ് വിദേശത്തുള്ള ഭാര്യയ്ക്ക് അശ്ലീല വീഡിയോ അയച്ചത്.
തുടർന്ന് ഭാര്യയുടെ സഹോദരൻ പ്രതിക്കെതിരെ പോലീസിൽ പരാതി നൽകി. വിദേശത്തുനിന്നും തിരിച്ചെത്തിയ ഭാര്യയും ബംഗളൂരു പോലീസിൽ ഇയാൾക്കെതിരെ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. അശ്ലീല വീഡിയോകൾക്കൊപ്പം അശ്ലീല കമന്റുകളും ഇയാൾ യുവതിക്ക് അയച്ചിരുന്നു. തുടർന്നാണ് ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഭർത്താവ് കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്.
Discussion about this post