തിംഫു: ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുവിലെ ഹോട്ടലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം നൽകി രാജ്യം. ഭൂട്ടാനിലെ യുവജനതകൾ ഗുജറാത്തിലെ പരമ്പരാഗത വസ്ത്രം അണിഞ്ഞ് നൃത്തം ചെയ്താണ് അവരുടെ രാജ്യത്തേക്ക് അദ്ദേഹത്തെ വരവേറ്റത്. ഗുജറാത്തിന്റെ ഗർബ ഗാനത്തോടൊപ്പമാണ് സംഘം നൃത്തം അവതരിപ്പിച്ചത്.
പ്രധാനമന്ത്രിയെ കാണുന്നതിനായി തിംഫുവിൽ തടിച്ചുകൂടിയ ഇന്ത്യൻ സമൂഹവുമായി അദ്ദേഹം സംവദിച്ചു. ഇതിന് ശേഷമായിരുന്നു ഗർബ നൃത്തം അരങ്ങേറിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിൽ എത്തിയത്. ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ മോദിയെ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് പാരോ വിമാനത്താവള പരിസരത്ത് ഒരുക്കിയിരുന്നത്. പൂക്കളും വർണാഭമായ പതാകകളും കൊണ്ടുമാണ് വിമാനത്താവളം അലങ്കരിച്ചിരുന്നത്.
ഇന്ത്യ ഭൂട്ടാൻ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള പരസ്പര ബന്ധം ശക്തമാക്കുക, വിദേശനിക്ഷേപം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദർശനം.
Discussion about this post