ന്യൂഡൽഹി : 1951ൽ ഇന്ത്യയിൽ ആദ്യ ലോക്സഭ തിരഞ്ഞെടുപ്പ് നടന്നപ്പോൾ 14 ദേശീയ പാർട്ടികൾ ആയിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ആറു ദേശീയ പാർട്ടികൾ മാത്രമാണ് രാജ്യത്തുള്ളത്. ദേശീയ പാർട്ടികളുടെ എണ്ണം വലിയ രീതിയിൽ കുറഞ്ഞെങ്കിലും രാഷ്ട്രീയപാർട്ടികളുടെ എണ്ണത്തിൽ വൻവർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ആദ്യ തിരഞ്ഞെടുപ്പിൽ 53 രാഷ്ട്രീയ പാർട്ടികൾ ആയിരുന്നു രാജ്യത്ത് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 2500 രാഷ്ട്രീയപാർട്ടികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളുടെ ചരിത്രം വിവരിക്കുന്ന ‘ലീപ് ഓഫ് ഫെയ്ത്ത്’ എന്ന പുസ്തകം കഴിഞ്ഞദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെ കുറിച്ചുള്ള കൃത്യമായ വസ്തുതകൾ ഈ പുസ്തകത്തിൽ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് അനുസരിച്ച് നിലവിൽ ആറ് ദേശീയ പാർട്ടികളാണ് ഇന്ത്യയിലുള്ളത്. ബിജെപി, കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി, നാഷണൽ പീപ്പിൾസ് പാർട്ടി, എഎപി, സിപിഐ(എം) എന്നിവയാണ് നിലവിലുള്ള ആറ് ദേശീയ പാർട്ടികൾ.
രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ള 3 നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് എങ്കിലും അനുസരിച്ചിട്ടുള്ള രാഷ്ട്രീയപാർട്ടികളാണ് ദേശീയ പാർട്ടിയാകാൻ യോഗ്യത നേടുന്നത്. മൂന്നു വ്യത്യസ്ത സംസ്ഥാനങ്ങളിൽനിന്നെങ്കിലും ആയി മൊത്തം ലോക്സഭാ സീറ്റിന്റെ 2% എങ്കിലും നേടണം എന്നതാണ് ആദ്യ നിബന്ധന. ലോക്സഭാ സീറ്റുകൾ അല്ലെങ്കിൽ നാല് സംസ്ഥാനങ്ങളിൽ കുറഞ്ഞത് 6% വോട്ട് എങ്കിലും ലഭിക്കുന്ന പാർട്ടി ആയിരിക്കണം എന്നുള്ളതാണ് രണ്ടാം നിബന്ധന. നാല് സംസ്ഥാനങ്ങളിൽ എങ്കിലും സംസ്ഥാനതല പാർട്ടിയായി അംഗീകരിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ പാർട്ടി ആയിരിക്കണം എന്നുള്ളതാണ് ദേശീയ പാർട്ടി ആകാനുള്ള മൂന്നാമത്തെ വ്യവസ്ഥ. ഇവയിൽ ഏതെങ്കിലും ഒരു വ്യവസ്ഥ പാലിക്കുന്ന പാർട്ടിയായാൽ ദേശീയ പാർട്ടി പദവി ലഭിക്കുന്നതാണ്.
Discussion about this post