ന്യൂഡൽഹി : ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ കോൺഗ്രസ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കോൺഗ്രസിന്റെ 2014 മുതൽ 2017 വരെയുള്ള നികുതി കുടിശ്ശിക 520 കോടി രൂപയാണ് എന്നാണ് ആദായനികുതി വകുപ്പ് ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടത്താനുള്ള സുപ്രധാന തെളിവുകൾ ആദായ നികുതി വകുപ്പ് സമാഹരിച്ചിട്ടുള്ളതായി കോടതി വ്യക്തമാക്കി.
ആദായനികുതി വകുപ്പിന്റെ മൂല്യനിർണ്ണയം പൂർത്തീകരിക്കാനുള്ള സമയം അവസാനിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് കോൺഗ്രസ് ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചിട്ടുള്ളതെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. ഈ വൈകിയ വേളയിൽ കോടതിക്ക് ഇക്കാര്യത്തിൽ യാതൊന്നും ചെയ്യാൻ കഴിയില്ല എന്നും ഹൈക്കോടതി അറിയിച്ചു.
കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകളാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നത്. അഭിഭാഷകരായ അഭിഷേക് മനു സിങ്‍വി, സൊഹേബ് ഹൊസൈൻ എന്നിവരാണ് കേസിൽ കോൺഗ്രസിന് വേണ്ടി ഹാജരായിരുന്നത്. വാദം കേട്ട കോടതി ഹർജി തള്ളുകയായിരുന്നു. ജസ്റ്റിസ് യശ്വന്ത് വർമ്മ, ജസ്റ്റിസ് പുരുഷൈന്ദ്രകുമാർ കൗരവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കോൺഗ്രസ് സമർപ്പിച്ച ഹർജികൾ തള്ളിയത്.
Discussion about this post