കൊൽക്കത്ത : പശ്ചിമ ബംഗാളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അസംബ്ലികളിലും വന്ദേമാതരം നിർബന്ധമായും ആലപിക്കണമെന്ന ഉത്തരവുമായി സുവേന്ദു അധികാരി സർക്കാർ. സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. വിദ്യാഭ്യാസ വകുപ്പാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാൾ സെക്കൻഡറി വിദ്യാഭ്യാസ ബോർഡും ഹയർ സെക്കൻഡറി കൗൺസിലും വിഷയത്തിൽ പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
വിദ്യാർത്ഥികളിൽ ചെറുപ്പം മുതലേ ദേശസ്നേഹവും ബംഗാളിന്റെ സാംസ്കാരിക പൈതൃകവും വളർത്തുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, സ്കൂൾ പ്രവൃത്തിദിവസം ആരംഭിക്കുന്നതിന് മുൻപുള്ള അസംബ്ലിയിൽ ദേശീയ ഗീതമായ വന്ദേമാതരം ആലപിച്ചിരിക്കണം. ഇതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് പ്രത്യേക ചുമതല നൽകി. സ്കൂളുകളിൽ അപ്രതീക്ഷിത പരിശോധനകൾ നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശമുണ്ട്.








