തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ സ്ഥാനാർത്ഥിയായി എത്തിയതോടെ രാജ്യം മുഴുവൻ ശ്രദ്ധയാകർഷിക്കുന്ന ലോക്‌സഭാ മണ്ഡലമായി മാറിയിരിക്കുകയാണ് കോയമ്പത്തൂർ. പിഎംകെ ഉൾപ്പെടെയുള്ള ശക്തരായ പ്രാദേശിക പാർട്ടികൾക്കൊപ്പം സഖ്യമായി മത്സരിക്കുന്ന ബിജെപി, തമിഴ്‌നാട്ടിൽ ഇത്തവണ വലിയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. യുവത്വത്തിന്റെ പ്രസരിപ്പുമായി എത്തുന്ന അണ്ണാമലൈ കൊങ്കു നാട്ടിലെ പ്രധാന നഗരമായ കോയമ്പത്തൂരിൽ നിന്ന് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുമോ? അണ്ണാമലൈയുടെ സാധ്യതകൾ നമുക്ക് പരിശോധിക്കാം.
ശക്തമായ ത്രികോണ മത്സരത്തിനാണ് കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലം ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. അണ്ണാമലൈക്കെതിരെ സിംഗൈ ജി രാമചന്ദ്രനെയാണ് എഐഎഡിഎംകെ രംഗത്തിറക്കിയിരിക്കുന്നത്. പാർട്ടിയുടെ ഐടി വിഭാഗം മേധാവിയാണ് 36 കാരനായ സിംഗൈ രാമചന്ദ്രൻ. ഇൻഡി സഖ്യത്തിന് വേണ്ടി ഡിഎംകെയാണ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത്. കോയമ്പത്തൂർ മുൻ മേയർ ഗണപതി ബി രാജ്കുമാറാണ് ഡിഎംകെയുടെ സ്ഥാനാർത്ഥി. എഐഎഡിഎംകെ വിട്ട് 2020ലാണ് ഗണപതി ഡിഎംകെയിലേക്ക് ചേക്കേറിയത്. സഖ്യ കക്ഷിയായ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ കോയമ്പത്തൂർ ഇത്തവണ ഡിഎംകെ ഏറ്റെടുക്കുകയായിരുന്നു. ഡിഎംകെയുടെ നിശിത വിമർശകനായ അണ്ണാമലൈ കോയമ്പത്തൂരിൽ മത്സരിക്കുമെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു സ്റ്റാലിൻ ഇങ്ങനെയൊരു നീക്കം നടത്തിയത്.
മുൻ ഐപിഎസ് ഓഫീസറായ കെ അണ്ണാമലൈ 2020ലാണ് ബിജെപിയിൽ ചേരുന്നത്. ഐപിഎസ് ഓഫീസർ എന്ന നിലയിൽ മാതൃകാപരമായ സേവനം നടത്തിയ അണ്ണാമലൈ ‘കർണാടക സിങ്കം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 2021ൽ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിതനായ അണ്ണാമലൈ, ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രതിപക്ഷ നിരയിലെ പ്രധാന ശബ്ദമായി ഉയരുകയായിരുന്നു. ഡിഎംകെ വിരുദ്ധ വോട്ടർമാർക്കിടയിൽ വലിയ സ്വീകാര്യതയുള്ള അണ്ണാമലൈയുടെ എൻ മണ്ണ്, എൻ മക്കൾ യാത്ര തമിഴ്‌നാട്ടിലാകെ വലിയ ചലനം ഉണ്ടാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ചൊവ്വാഴ്ച കോയമ്പത്തൂരിൽ എത്തിയിരുന്നു. പ്രധാനമന്ത്രി നഗരത്തിൽ നടത്തിയ റോഡ് ഷോ വൻ ജനക്കൂട്ടത്തെയാണ് ആകർഷിച്ചത്.
1998ൽ ഭീകര സംഘടനയായ അൽ ഉമ്മ ആസൂത്രണം ചെയ്ത ബോംബ് സ്‌ഫോടനങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്ക്
നരേന്ദ്ര മോദി പ്രണാമം അർപ്പിച്ചിരുന്നു. എൽ കെ അദ്വാനിയുടെ സന്ദർശനത്തിന് മുന്നോടിയായി 1998ൽ കോയമ്പത്തൂരിൽ നടന്ന ബോംബ് സ്‌ഫോടനങ്ങളിൽ 58 പേർക്കാണ് ജീവൻ നഷ്ടമായത്.
തമിഴ്‌നാട് നിയമസഭയിൽ നിലവിൽ ബിജെപിക്ക് നാല് സീറ്റാണുള്ളത്. അതിൽ ഒരു സീറ്റ് കോയമ്പത്തൂരിൽ നിന്നാണ്. ബിജെപിയുടെ തമിഴ്‌നാട്ടിലെ വനിതാ മുഖമായ വാനതി ശ്രീനിവാസൻ കോയമ്പത്തൂർ സൗത്തിൽ നിന്നുള്ള എംഎൽഎയാണ്. തമിഴ് സിനിമയിലെ മിന്നും താരം കമൽഹാസനെയാണ് വാനതി കോയമ്പത്തൂരിൽ മലർത്തിയടിച്ചത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിൽ മത്സരിച്ച സിപിഎം സ്ഥാനാർത്ഥി പി ആർ നടരാജനാണ്
കോയമ്പത്തൂരിൽ നിന്ന് ജയിച്ചത്. എഐഎഡിഎംകെയുടെ പിന്തുണയോടെ പോരാടിയ ബിജെപിയുടെ മുതിർന്ന നേതാവ് സി പി രാധാകൃഷണനായിരുന്നു രണ്ടാം സ്ഥാനത്ത്. 1,79,000ത്തോളം വോട്ടുകൾക്കായിരുന്നു പി ആർ നടരാജൻ കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ കോയമ്പത്തൂരിൽ കടുത്ത ത്രികോണ മത്സരമാണ് അരങ്ങേറാൻ പോകുന്നത്.
വർഷങ്ങൾക്ക് മുൻപ് തന്നെ തമിഴ്‌നാട്ടിൽ ബിജെപിക്ക് മോശമല്ലാത്ത സ്വാധീനമുള്ള മണ്ഡലമാണ് കോയമ്പത്തൂർ. മേഖലയിൽ ആർഎസ്എസിന്റെ പ്രവർത്തനവും ശക്തമാണ്. 1998ൽ സി പി രാധാകൃഷണനാണ് കോയമ്പത്തൂരിൽ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ബിജെപി നേതാവ്. അന്ന് എഐഎഡിഎംകെയുമായി സഖ്യത്തിലായിരുന്നു ബിജെപി. തൊട്ടടുത്ത വർഷം വീണ്ടും പൊതു തെരഞ്ഞെടുപ്പ് നടന്നപ്പോൾ മണ്ഡലത്തിൽ നിന്ന് സി പി രാധാകൃഷ്ണൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 99ൽ ഡിഎംകെയുമായിട്ടായിരുന്നു തമിഴ്‌നാട്ടിൽ ബിജെപിയുടെ കൂട്ടുകെട്ട്.
39കാരനായ കെ അണ്ണാമലൈ ഇത്തവണ കോയമ്പത്തൂരിൽ നിന്ന് ജനവിധി തേടുമ്പോൾ ബിജെപിയും എൻഡിഎയും ജയം തന്നെയാണ് ലക്ഷ്യമിടുന്നത്. യുവ വോട്ടർമാർക്കും സ്ത്രീകൾക്കുമിടയിലുള്ള അണ്ണാമലൈയുടെ വലിയ ജനപ്രീതി വോട്ടായി മാറുമെന്നാണ് ബിജെപി ക്യാമ്പിന്റെ പ്രതീക്ഷ. ഉത്തരേന്ത്യയിൽ നിന്ന് ജോലിയാവശ്യങ്ങൾക്കായി വന്ന് നഗരത്തിൽ സ്ഥിര താമസമാക്കിയ വോട്ടർമാർ കോയമ്പത്തൂരിൽ ഒരുപാട് ഉണ്ട്. ഇവരുടെ സാന്നിധ്യവും ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
Discussion about this post