ചണ്ഡീഗഡ് : മദ്യനയ അഴിമതി കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജയിലിൽ ഓഫീസ് ഒരുക്കി നൽകണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. ഡൽഹിയുടെ ഭരണകാര്യങ്ങൾ നിർവഹിക്കാൻ കെജ്രിവാളിന് ജയിലിനുള്ളിൽ ഓഫീസ് ഒരുക്കി നൽകണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്ന് ഭഗവന്ത് മാൻ വ്യക്തമാക്കി.
ജയിലിൽ നിന്നും സർക്കാരിനെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് എവിടെയും പറയുന്നില്ല. കുറ്റം തെളിയുന്നത് വരെ ജയിലിൽ നിന്നും ജോലി ചെയ്യാൻ അരവിന്ദ് കെജ്രിവാളിനെ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടും. ആം ആദ്മി പാർട്ടിയിൽ അരവിന്ദ് കെജ്രിവാളിന്റെ സ്ഥാനത്ത് പകരം വയ്ക്കാൻ മറ്റാരുമില്ല എന്നും ആം ആദ്മി പാർട്ടി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മാൻ വ്യക്തമാക്കി.
ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ വ്യാഴാഴ്ച രാത്രിയാണ് ഇ ഡി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ അരവിന്ദ് കെജ്രിവാളിനെ കോടതി മാർച്ച് 28 വരെ ഇഡി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Discussion about this post