പാലക്കാട് : കരുവന്നൂർ അടക്കമുള്ള സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തിയ സാധാരണക്കാർക്ക് പണം തിരികെ ലഭിക്കാനുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂരിലെ ബിജെപി സ്ഥാനാർത്ഥിയായ ഡോ. ടി എൻ സരസുവിനോടാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡോ. ടി എൻ സരസുവുമായി ഫോണിൽ സംസാരിക്കുകയായിരുന്നു.
സഹകരണ ബാങ്കുകളിൽ അഴിമതി നടത്തിയവർക്കെതിരെ കർശന നടപടി ഉണ്ടാകും എന്നും മോദി അറിയിച്ചു. ഇ ഡി നിയമനടപടികൾ നേരിടുന്ന സഹകരണ ബാങ്കുകളിലെ സാധാരണക്കാരുടെ നിക്ഷേപങ്ങൾ തിരികെ നൽകുന്നതിനുള്ള നിയമസാധ്യതകൾ എന്തൊക്കെയാണെന്ന് അന്വേഷിക്കും എന്ന് പ്രധാനമന്ത്രി സരസു ടീച്ചർക്ക് ഉറപ്പുനൽകി.
പാലക്കാട് വിക്ടോറിയ കോളേജിൽ വെച്ച് ഡോക്ടർ ഡോ. ടി എൻ സരസുവിന് എസ്എഫ്ഐ പ്രവർത്തകരിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങളെക്കുറിച്ചും മോദി ചോദിച്ചറിഞ്ഞു.
മലയാളത്തിൽ നമസ്കാരം പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രി ഡോ. ടി എൻ സരസുവിനോട് സുഖ വിവരങ്ങൾ തിരക്കിയത്. ആലത്തൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെക്കുറിച്ച് സരസു ടീച്ചർ പ്രധാനമന്ത്രിയോട് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ് കാ സാത് സബ്കാ വികാസ് എന്ന ആശയത്തെ മുൻനിർത്തിയാണ് പ്രചാരണം എന്നും ടീച്ചർ മോദിയെ അറിയിച്ചു.
Discussion about this post