കൊൽക്കത്ത : സന്ദേശ്ഖാലി സമരനായികയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി ബിജെപി. സന്ദേശ്ഖാലിയിലെ സ്ത്രീകൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് സമരഭൂമിയിൽ സ്വന്തം പെൺകുഞ്ഞിനെയും തോളിലേറ്റി സമരത്തിന് നേതൃത്വം നൽകിയ രേഖ പത്രയാണ് ബിജെപി സ്ഥാനാർഥിയാകുന്നത്. പശ്ചിമബംഗാളിലെ ബസിർഹട്ട് മണ്ഡലത്തിൽ നിന്നുമാണ് രേഖ ബിജെപിക്ക് വേണ്ടി പോരാടാൻ ഇറങ്ങുന്നത്.
തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാൻ കൊടിയ പീഡനങ്ങൾക്ക് ഇരയാക്കിയ സന്ദേശ്ഖാലിയിലെ നിരവധി സ്ത്രീകളിൽ ഒരാളാണ് രേഖ പത്ര. ആ സ്ത്രീകൾക്കായി ശബ്ദിക്കാനായി ആദ്യം മുന്നിട്ടിറങ്ങിയതും രേഖ തന്നെയായിരുന്നു. ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രേഖ പത്രയെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. ‘ശക്തി സ്വരൂപ’ എന്നാണ് പ്രധാനമന്ത്രി രേഖ പത്രയെ വിശേഷിപ്പിച്ചത്.
സന്ദേശ്ഖാലിയിലെ സ്ത്രീകളെ സംബന്ധിച്ച് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവത്തെ പോലെയാണെന്ന് രേഖ വ്യക്തമാക്കി. ഭഗവാൻ ശ്രീരാമൻ നേരിട്ട് തലയിൽ കൈവച്ച് അനുഗ്രഹിച്ചതുപോലെയാണ് തോന്നുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്റെ ക്രൂരതകളെയും അടിച്ചമർത്തലുകളെയും തുടർന്ന് 2011 മുതൽ തങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നും രേഖ പ്രധാനമന്ത്രിയോട് സൂചിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി നേരിട്ട് സംസാരിക്കാം എന്നും എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ടാകും എന്നും പ്രധാനമന്ത്രി രേഖയെ അറിയിച്ചു. ബംഗാളിലെ ബിജെപിയിൽ നിന്നും എല്ലാവിധ സഹായങ്ങളും രേഖ പത്രയ്ക്ക് ഉണ്ടാകുമെന്നും മോദി അറിയിച്ചു.
Discussion about this post