പ്രത്യാശയുടെയും സഹനത്തിന്റെയും മറ്റൊരു ഈസ്റ്റർ കൂടി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രിസ്തീയ വിശ്വാസികൾ. ഒരു മാസത്തോളം നീണ്ടു നിന്ന നോമ്പിനു ശേഷം ഈസ്റ്റർ ദിനത്തിൽ വ്യത്യസ്തമായ നിരവധി വിഭവങ്ങൾ കൊണ്ട് ഗംഭീരമാക്കാനുള്ള തിരക്കിലാണ് എല്ലാവരും. ഈസ്റ്റർ ദിനത്തിലെ വിഭവങ്ങളിൽ പ്രധാനമായ ഒന്നാണ് സ്റ്റൂ. പലതരത്തിലുള്ള സ്റ്റൂകൾ തയ്യാറാക്കാറുണ്ടെങ്കിലും അതിൽ ഏറ്റവും മുൻതൂക്കം മട്ടൻ സ്റ്റൂവിന് തന്നെയാണ്.
എങ്ങനെയാണ് രുചികരമായ മട്ടൻ സ്റ്റൂ തയ്യാറാക്കുന്നത് എന്ന് നോക്കാം…
ചേരുവകൾ
മട്ടൻ: അരക്കിലോ
സവാള: രണ്ട് എണ്ണം
പച്ചമുളക്: അഞ്ചോ ആറോ എണ്ണം
കറിവേപ്പില
ഉപ്പ്: ആവശ്യത്തിന്
വെളുത്തുള്ളി: മൂന്നോ നാലോ അല്ലി
ഇഞ്ചി
കുരുമുളക് പൊടി
ഒന്നാം പാൽ
രണ്ടാം പാൽ
ഉരുളക്കിഴങ്ങ്
ക്യാരറ്റ്
ഏലക്ക: 5 എണ്ണം
ഗ്രാമ്പൂ: 15 എണ്ണം
കറുവാപ്പട്ട: 2 ചെറിയ കഷ്ണം
തക്കോലം: 2 എണ്ണം
പെരുംജീരകം: 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചെറിയ കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കി വച്ച മട്ടനിലേക്ക് കനം കുറച്ച് അരിഞ്ഞെടുത്ത ഒരു സവാള, നീളത്തിൽ അരിഞ്ഞ പച്ചമുളക്, ചതച്ചെടുത്ത വെളുത്തുള്ളിയും ഇഞ്ചിയും, പൊടിച്ചെടുത്ത ഏലക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, തക്കോലം, പെരുംജീരകം എന്നിവ ചേർക്കുക. പിന്നീട് ഇത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്ത് 15 മിനിറ്റ് നേരമെങ്കിലും മാറ്റി വയ്ക്കുക.
പിന്നീട് ഇത് ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് നന്നായി വേവിച്ചെടുക്കുക. ഇത് വെന്തു വരുന്ന നേരം കൊണ്ട് ഉരുളക്കിഴങ്ങും ക്യാരറ്റും കഷ്ണങ്ങളാക്കി അരിഞ്ഞ് വേവിച്ച് വയ്ക്കുക.
മട്ടൻ വെന്തതിന് ശേഷം, ഒരു പാൻ ചൂടാക്കി, അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് കനം കുറച്ച് അരിഞ്ഞെടുത്ത ബാക്കിയുള്ള ഒരു സവാള വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് രണ്ട് പച്ചമുളക് കീറിയത്, ഇഞ്ചി ചതച്ചത്, കറിവേപ്പില എന്നിവ ചേർക്കാം. സവാള ബ്രൗൺ നിറമാകും മുൻപ് തന്നെ വേവിച്ചു വച്ച മട്ടൻ, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, അൽപ്പം ഗരം മസാല എന്നിവ ചേർക്കുക. ഇതിലേക്ക് രണ്ടാം പാൽ ഒഴിച്ച് മിക്സ് ചെയ്യാം. ഇതെല്ലാം നന്നായി കുറുകി വരുമ്പോൾ ഒന്നാം പാൽ ഒഴിച്ച് ഉടനെ തന്നെ സ്റ്റൗ ഓഫ് ചെയ്യാം.
Discussion about this post