പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്നത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പുതിയ പഠനം. മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് സാധാരണമായി മാറിയിരിക്കുന്നു.
പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന് പിന്നാലെ കുടല്‍ ബയോമില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു അതുമൂലം വീക്കം, രക്തചംക്രമണവ്യൂഹത്തിന്റെ തകരാറുകള്‍ എന്നിവ വരുന്നു ഇവ ഹൃദയസ്തംഭനത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനത്തില്‍ പറയുന്നു. സയന്‍സ് ഡയറക്റ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങളും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം മനസിലാക്കാന്‍ ഗവേഷകര്‍ 3,000-ത്തിലധികം ചൈനക്കാരിലെ ഡാറ്റയാണ് പരിശോധിച്ചത് ഇതിന് പുറമേ അവര്‍ എലികളില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഭക്ഷണത്തിലേക്ക് അലിഞ്ഞ് ചേരുകയും കുടലില്‍ പ്രവേശിക്കുകയും ഗട്ട് ലൈനിംഗിന് കേടുപാടുകള്‍ വരുത്തുകയും ചെയ്യുമെന്ന് കണ്ടെത്തി.
ചൈനീസ് ആളുകളില്‍ പ്ലാസ്റ്റിക് കണ്ടെയ്‌നര്‍ ഉപയോഗവും അവരുടെ ഹൃദ്രോഗനിലയും പരിശോധിക്കുന്നത് പഠനത്തില്‍ ഉള്‍പ്പെടുത്തി. പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം ഹൃദയസ്തംഭനത്തിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.
പ്ലാസ്റ്റിക് ചെറിയ രീതിയില്‍ തന്നെ ചൂടാകുമ്പോള്‍ ഇതില്‍ നിന്നും അപകടകരമായ രാസവസ്തുക്കള്‍ പുറത്തേക്ക് വരുന്നു. ചൂടുള്ള ഭക്ഷണ വസ്തുക്കള്‍ പാക്ക് ചെയ്യുമ്പോഴും സമാനമായ സാഹചര്യമാണ് ഉണ്ടാകുന്നത്. പ്ലാസ്റ്റിക്കിന് പകരം ഗ്ലാസ് അല്ലെങ്കില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.
Discussion about this post