ഇന്ത്യൻ ഭക്ഷണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ എരിവുള്ള രുചി തന്നെയാണ്. സ്പൈസി ഭക്ഷണങ്ങൾക്ക് പേരുകേട്ട ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷണപദാർത്ഥങ്ങളിൽ എരിവിനായി ഉപയോഗിക്കുന്നത് മുളകുപൊടിയും പച്ചമുളകും ആണ്. എന്നാൽ ഇവയിൽ ഏതാണ് ആരോഗ്യത്തിന് ഉത്തമം എന്ന് ആലോചിച്ചിട്ടുണ്ടോ? പച്ചമുളകും ചുവന്ന മുളക് പൊടിയും ഒരുപോലെതന്നെ ആരോഗ്യത്തെ സ്വാധീനിക്കുന്നവയാണ്. എന്നാൽ ഇവയ്ക്ക് രണ്ടിനും ഗുണങ്ങൾ പോലെ തന്നെ ചില ദോഷങ്ങളും ഉണ്ട്.
പച്ചമുളക് വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ്. പച്ചമുളകിൽ വിറ്റാമിൻ സി, എ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ മെറ്റബോളിസം വർദ്ധിപ്പിക്കാനും പച്ചമുളക് സഹായകരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന കാപ്‌സൈസിൻ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും മെറ്റബോളിസം വേഗത്തിലാക്കുകയും ചെയ്യും. ഇതോടൊപ്പം തന്നെ പച്ചമുളക് ഉപയോഗിക്കുന്നത് പ്രമേഹത്തിനും ഗുണം ചെയ്യും. പച്ചമുളക് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നതോടൊപ്പം പച്ചമുളക് ഉപയോഗം
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകരമാണ്. ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദ്രോഗങ്ങൾ തടയുന്നതിനും സഹായിക്കുന്നു.
ചുവന്ന മുളക് പൊടിയിലും ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ചുവന്ന മുളകുപൊടിക്ക് സ്വാഭാവിക വേദനസംഹാരി ഗുണങ്ങളുണ്ട്, ഇത് സന്ധി, പേശി വേദനയ്ക്ക് ആശ്വാസം നൽകുന്നതാണ്. ഭക്ഷണത്തിന്റെ ദഹനം നന്നായി നടക്കുന്നതിനും ചുവന്ന മുളകുപൊടി സഹായിക്കും. ആമാശയത്തിലെ ദഹനരസങ്ങളുടെ സ്രവണം വർദ്ധിപ്പിക്കുന്നതിലൂടെ ആണ് മുളകുപൊടി ഭക്ഷണം വേഗത്തിൽ ദഹിക്കുന്നതിനായി സഹായിക്കുന്നത്. കൂടാതെ മുളകുപൊടിയിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. ഇതോടൊപ്പം തന്നെ ശരീരത്തിന്റെ ചൂടിനെ അകറ്റാനും ചുവന്ന മുളക് പൊടി സഹായകരമാണ്.
ഈ ഗുണങ്ങളോടൊപ്പം തന്നെ ഇവയ്ക്ക് ഏതാനും ചില ദോഷങ്ങളും ഉണ്ട്. ചുവന്ന മുളക് പൊടി വിവിധ പ്രക്രിയകളിലൂടെ സംസ്കരിച്ച് വരുന്നതിനാൽ പച്ചമുളകിലൂടെ ലഭിക്കുന്ന സ്വാഭാവിക ഗുണം ചുവന്ന മുളക് പൊടിക്ക് ഉണ്ടാകില്ല എന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. പച്ചമുളകിൽ ഉയർന്ന അളവിൽ വിറ്റാമിൻ സിയും നാരുകളും അടങ്ങിയിട്ടുണ്ട്. എന്നാൽ മുളകുപൊടി സംസ്കരിക്കുന്നതിലൂടെ ഈ ഗുണങ്ങൾ നഷ്ടപ്പെടുന്നതാണ്. ചുവന്ന മുളകുപൊടി കൂടുതൽ കഴിക്കുന്നത് ആസിഡിറ്റിക്കും കാരണമാകും. ഈ കാരണങ്ങൾ തന്നെ ആരോഗ്യഗുണത്തിന് പച്ചമുളക് ഉപയോഗിക്കുന്നതാണ് കൂടുതൽ ഉത്തമം. എന്നാൽ മുളകുപൊടി പൂർണമായും ഉപേക്ഷിക്കേണ്ടതുമില്ല. അതിനാൽ പച്ചമുളകും ചുവന്ന മുളക് പൊടിയും ബാലൻസ്ഡ് ആയി ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് ആണ് കൂടുതൽ നല്ലതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
Discussion about this post