ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കർസേവ പ്രമുഖിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്. ബൈക്കിൽ പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നാനരക്മട്ട ഗുരുദ്വാരയിലെ കർസേവ പ്രമുഖായ ബാബാ തർസീം സിംഗ് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നാലെ പോലീസ് ഗുരുദ്വാരയിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ഇതിലാണ് പ്രതികളുടെ ചിത്രങ്ങൾ പതിഞ്ഞത്. ഇരു ചക്രവാഹനത്തിലാണ് പ്രതികൾ എത്തിയിരിക്കുന്നത്. ഇവരുടെ പക്കൽ വലിയ തോക്കുകളും കാണാം.
ഖാലിസ്ഥാൻ ഭീകരരാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഇവരെക്കുറിച്ച് പോലീസിന് സൂചന കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പോലീസിന്റെ പ്രത്യേക സംഘം രൂപീകരിച്ചാണ് നിലവിൽ അന്വേഷണം നടത്തുന്നത്.
ഇന്ന് രാവിലെ ആറരയോടെയായിരുന്നു പ്രതികൾ തർസീം സിംഗിനെ കൊലപ്പെടുത്തിയത്. വാഹനത്തിൽ എത്തിയ ഇവർ അദ്ദേഹത്തെ ഗുരുദ്വാരയ്ക്കുള്ളിൽ കയറി വെടിവെച്ച് വീഴ്ത്തിയ ശേഷം കടന്നു കളയുകയായിരുന്നു. അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.









