കോട്ടയം : വാഹന പരിശോധന നടത്തുകയായിരുന്നു ഉദ്യോഗസ്ഥനെ സ്കൂട്ടർ കൊണ്ട് ഇടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ ശ്രമം. പുൽപ്പള്ളിയിൽ എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടയിലായിരുന്നു സംഭവമുണ്ടായത്. സിവിൽ എക്സൈസ് ഓഫീസറെ സ്കൂട്ടർ കൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാൻ ഉണ്ട്.
അമ്പലവയൽ കുമ്പളേരി വരണക്കുഴി വീട്ടിൽ അജിത്ത് എന്ന 23 വയസ്സുകാരനാണ് എക്സൈസിന്റെ പിടിയിൽ ആയിട്ടുള്ളത്. എക്സൈസ് ഉദ്യോഗസ്ഥനെ പരിക്കേൽപ്പിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്. മാർച്ച് 26ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പെരിക്കല്ലൂർ സ്കൂളിന് സമീപം എക്സൈസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ ആയിരുന്നു സ്കൂട്ടറിൽ വന്ന രണ്ട് യുവാക്കൾ വാഹനം നിർത്താതെ ഉദ്യോഗസ്ഥന് നേരെ ഇടിച്ചു കയറ്റി രക്ഷപ്പെടാൻ ശ്രമിച്ചത്. സംഭവത്തിൽ വഴവറ്റ സ്വദേശിയായ അബി തോമസ് എന്ന ഒരു യുവാവിനെ കൂടി പിടികൂടാൻ ഉണ്ട്. ഇവരുടെ ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫീസർ ആയ രാജേഷിന് പരിക്ക് പറ്റിയിരുന്നു. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവർക്കും എതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.








