ന്യൂഡൽഹി : 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കാനായി ബിജെപി പ്രത്യേക കമ്മിറ്റിയെ പ്രഖ്യാപിച്ചു. 27 അംഗങ്ങൾ ഉൾപ്പെടുന്നതാണ് ബിജെപിയുടെ പ്രകടനപത്രിക കമ്മിറ്റി. മുതിർന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ് ആണ് കമ്മറ്റിയുടെ പ്രസിഡന്റ്.
കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ കൺവീനറും പിയൂഷ് ഗോയൽ കോ കൺവീനറും ആയാണ് ബിജെപി പ്രകടനപത്രിക കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളുടെ ഭാഗമായ നേതാക്കളും കമ്മറ്റിയിൽ ഉണ്ട്. കേരളത്തിൽ നിന്നും തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയും പ്രകടനപത്രിക കമ്മിറ്റിയിൽ അംഗങ്ങളാണ്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി, മധ്യപ്രദേശ് മുഖ്യമന്ത്രിയും മോഹൻ യാദവ് എന്നിവരും പ്രകടനപത്രിക കമ്മിറ്റിയിൽ അംഗങ്ങളാണ്. കേന്ദ്രമന്ത്രിമാരായ ഭൂപേന്ദർ യാദവ്, കിരൺ റിജ്ജു, അശ്വിനി വൈഷ്ണവ്, സ്മൃതി ഇറാനി എന്നിവരും ബിജെപിയുടെ 2024 ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക കമ്മിറ്റിയിൽ അംഗങ്ങളാണ്.
Discussion about this post