തിരുവനന്തപുരം : 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് എസ്ഡിപിഐ. യുഡിഎഫിന് പിന്തുണ നൽകാൻ തീരുമാനമായതായാണ് സൂചന. തിങ്കളാഴ്ചയോടെ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ മൊത്തം വോട്ടിൽ 1% ത്തോളം ആണ് എസ്ഡിപിഐക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.
എസ്ഡിപിഐ പിന്തുണ നൽകാൻ തയ്യാറാണെങ്കിലും പരസ്യമായി എസ്ഡിപിഐ പിന്തുണ സ്വീകരിക്കാൻ എൽഡിഎഫും യുഡിഎഫും തയ്യാറായിട്ടില്ല. എന്നാൽ ഇരു മുന്നണികളും ഉൾത്തലങ്ങളിൽ എസ്ഡിപിഐയുമായി ചർച്ച നടത്തുന്നുണ്ട്. എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷറഫ് മൗലവി അടക്കമുള്ള നേതാക്കളെ ഇരുമുന്നണികളിലെയും മുതിർന്ന നേതാക്കൾ പലതവണ കണ്ടിരുന്നു.
മാർച്ച് 28ന് യുഡിഎഫിലെ ചില മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാൻ എസ്ഡിപിഐ തീരുമാനിച്ചത് എന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ പണം കണ്ടെത്താൻ കഴിയാത്തതിനാലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്ന് എസ്ഡിപിഐ തീരുമാനിച്ചത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
Discussion about this post