ന്യൂഡൽഹി : പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന് രാജ്യത്തിന് ഉറപ്പുനൽകി ജയിലിൽ നിന്നും അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം. ഡൽഹിയിൽ ഇൻഡി സഖ്യം നടത്തുന്ന മഹാറാലിയിൽ വച്ച് കെജ്രിവാളിന്റെ ഭാര്യ സുനിത ആണ് അദ്ദേഹത്തിന്റെ സന്ദേശം വായിച്ചത്. നിങ്ങളുടെ കെജ്രിവാൾ സിംഹം ആണെന്ന് സുനിത മഹാറാലിയിൽ എത്തിച്ചേർന്ന ഇൻഡി സഖ്യത്തിലെ അംഗങ്ങളെയും അണികളെയും അറിയിച്ചു.
ഡൽഹി രാംലീല മൈതാനിയിലാണ് ഇൻഡി സഖ്യം നടത്തുന്ന മഹാറാലി നടക്കുന്നത്. മഹാറാലി സമ്മേളനത്തെ അഭിസംബോധന ചെയ്ത സുനിത കെജ്രിവാൾ അരവിന്ദ് ഒരു യഥാർത്ഥ ദേശസ്നേഹിയാണെന്ന് അറിയിച്ചു. രാജ്യത്തിന് വേണ്ടിയാണ് അദ്ദേഹം പോരാടുന്നത്. കെജ്രിവാൾ ജയിലിൽ നിന്നും നൽകിയ സന്ദേശത്തിൽ രാജ്യത്തെ ജനങ്ങൾക്ക് 6 ഉറപ്പുകൾ നൽകുന്നുണ്ടെന്നും സുനിത കെജ്രിവാൾ വ്യക്തമാക്കി.
“ഇന്ന് ഭാരതമാതാവ് വലിയ ദുഃഖത്തിൽ ആണുള്ളത്. രാജ്യത്തെ ജനങ്ങൾക്ക് ശരിയായ ചികിത്സ ലഭിക്കാത്തപ്പോൾ, മക്കൾക്ക് ഭക്ഷണമോ നല്ല വിദ്യാഭ്യാസമോ ലഭിക്കാത്തപ്പോൾ ഒക്കെ ഭാരതമാതാവ് ദുഃഖിക്കുന്നു. നമുക്ക് ഒരുമിച്ച് ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കാം. അവിടെ ഓരോ വ്യക്തിക്കും ആവശ്യത്തിന് ഭക്ഷണം ലഭിക്കും. എല്ലാവർക്കും ജോലിയും കിട്ടും. ആരും തൊഴിൽരഹിതരായിരിക്കില്ല. ആരും ദരിദ്രരും ആവില്ല. നിരക്ഷരരായും ആരും ഉണ്ടാവില്ല. എല്ലാവർക്കും നല്ല ചികിത്സ ലഭിക്കും. 140 കോടി ജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുകയാണ്, ഇൻഡി സഖ്യത്തിന് ഒരു അവസരം ലഭിച്ചാൽ അവർ അത്തരം ഒരു ഇന്ത്യ സൃഷ്ടിക്കും.” എന്നായിരുന്നു കെജ്രിവാൾ ജയിലിൽ നിന്നും ജനങ്ങൾക്ക് നൽകിയ സന്ദേശം.
Discussion about this post