മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ഷാഹുൽ പലതവണ സഹോദരിയെ ശല്യം ചെയ്തിരുന്നതായി കൊല്ലപ്പെട്ട സിംനയുടെ സഹോദരൻ ഹാരിസ് വ്യക്തമാക്കി. ഇരുവരും നേരത്തെ തമ്മിൽ പരിചയമുണ്ടായിരുന്നതായും ഹാരിസ് പറഞ്ഞു.
ഷാഹുൽ തന്റെ അയൽവാസിയിരുന്നു. പ്രതി മുൻപ് മദ്യപിച്ച് വീട്ടിലെത്തിയും ബഹളം ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസിൽ പരാതി നൽകാൻ സഹോദരിയോട് ആവശ്യപ്പെട്ടിരുന്നു. പരാതി നൽകിയിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിലുള്ള പ്രകോപനമാകാം കൊലപാതകത്തിന് കാരണമായതെന്നും ഹാരിസ് അറിയിച്ചു.
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. സിംനയുടെ അച്ഛൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അദ്ദേഹത്തെ കാണാൻ എത്തിയതാണ് സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. അമിത രക്തസ്രാവം മൂലമാണ് യുവതി മരിച്ചത്.
ഇരുവരും വിവാഹിതരാണ്. നേരത്തെ ഇരുവരും അയൽവാസികളും സുഹൃത്തുകളായിരുന്നു എന്നുമാണ് വിവരം. ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. പിന്നാലെയെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്തു വരികയാണ് എന്ന് പോലീസ് പറഞ്ഞു.












