ലോക്സഭാ തെരഞ്ഞെടുപ്പിൽ സന്ദേശ്ഖലി വിഷയം ബംഗാളിൽ വലിയ സ്വാധീനം ചെലുത്തുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർ പൊതുവെ പങ്കുവയ്ക്കുന്നത്. ഭരണത്തണലിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖ് സ്ത്രീകൾക്കെതിരെ അഴിച്ചുവിട്ട കൊടിയ അതിക്രമങ്ങൾ ബംഗാളിലെ ജനങ്ങൾക്കിടയിൽ കടുത്ത രോഷം ഉയർത്തിയിരിക്കുകയാണ്. സ്ത്രീ വോട്ടർമാരെ മമതയിൽ നിന്ന് അകറ്റാൻ ഇത് കാരണമാകുമെന്ന ഭയം തൃണമൂലിനുണ്ട്.
സന്ദേശ്ഖലി ഉൾപ്പെടുന്ന ബാസിർഹട്ട് മണ്ഡലത്തിൽ ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ തൃണമൂൽ ക്യാമ്പ് അക്ഷരാർത്ഥത്തിൽ ഞെട്ടി എന്ന് പറയേണ്ടി വരും. ഷാജഹാൻ ഷെയ്ഖിന്റെ ക്രൂരകൃത്യങ്ങൾ പുറം ലോകമറിയാൻ കാരണക്കാരിയായ വനിതാ പോരാളി രേഖ പത്രയാണ് ബാസിർഹട്ടിൽ നിന്ന് ബിജെപിക്കായി ജനവിധി തേടുന്നത്. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വിഭിന്നമായി വെറും വാക്കുകളിൽ ഒതുങ്ങുന്നതല്ല ബിജെപിയുടെ സ്ത്രീ ശാക്തീകരണമെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് രേഖയുടെ സ്ഥാനാർത്ഥിത്വം.
സന്ദേശ്ഖലിയിലെ പത്രപാരയിൽ നിന്നുള്ള വീട്ടമ്മയാണ് രേഖ പത്ര. ഷാജഹാൻ ഷെയ്ഖ്, കൂട്ടാളികളായ ഷിബു ഹസ്ര, ഉത്തം സർദാർ എന്നിവർ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് രേഖാമൂലം ആദ്യം പരാതി നൽകിയത് രേഖ പത്രയായിരുന്നു. രേഖയുടെ പരാതിക്ക് മാധ്യമ ശ്രദ്ധ ലഭിച്ചതോടെ ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രശ്നത്തിൽ സജീവമായി ഇടപെടാൻ തുടങ്ങി. ഇതിനെ തുടർന്നാണ് ഷാജഹാൻ ഷെയ്ഖും കൂട്ടാളികളും അറസ്റ്റിലാകുന്നതും പിന്നീട് ഇഡിയുടെ കസ്റ്റഡിയിൽ എത്തുന്നതും.
മാർച്ച് ആറിന് ബംഗാളിലെ ബരാസാത്തിൽ നടന്ന പൊതു യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട വനിതാ പ്രതിനിധി സംഘത്തിലെ പ്രധാന ശബ്ദം കൂടിയായിരുന്നു രേഖ പത്ര. സന്ദേശ്ഖലിയിൽ തങ്ങൾ അനുഭവിച്ച നരകയാതനയും ദുരിതവും പ്രധാനമന്ത്രിയെ നേരിട്ടറിയിക്കാനും ഇവർക്കായി. ഷാജഹാൻ ഷെയ്ഖിന്റെയും കൂട്ടാളികളുടെയും അതിക്രമത്തിന് ഇരയായ അനേകം ഗ്രാമീണ സ്ത്രീകളിൽ ഒരാൾ കൂടിയാണ് രേഖ.
സന്ദേശ്ഖലിയിലെ വനിതാ പോരാളിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അവരെ സ്ഥാനാർഥിയാക്കിയത് ബിജെപിയുടെ മികച്ച തീരുമാനമാണെന്നും പറഞ്ഞിരുന്നു. ദുർഗാ പൂജയുടെ നാടായ ബംഗാളിൽ നിന്നുള്ള രേഖ പത്രയെ ശക്തി സ്വരൂപ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
സന്ദേശ്ഖലി ഉൾപ്പെടുന്ന നോർത്ത് 24 പർഗനാസിലെ ലോക്സഭാ മണ്ഡലമാണ് ബാസിർഹട്ട്. സിറ്റിംഗ് എംപിയും നടിയുമായ നുസ്രത്ത് ജഹാനെ മാറ്റി ഹാജി നൂറുൽ ഇസ്ലാമിനെയാണ് തൃണമൂൽ കോൺഗ്രസ് ഇത്തവണ ബാസിർഹട്ടിൽ നിർത്തിയിരിക്കുന്നത്. മതമൗലികവാദ പശ്ചാത്തലമുള്ള ഹാജി നൂറുൽ ഇസ്ലാം വർഗീയ കലാപം ആസൂത്രണം ചെയ്തത് ഉൾപ്പെടെ നിരവധി കേസുകളിൽ ആരോപണ വിധേയനാണ്.
വഴിവിട്ട മുസ്ലീം പ്രീണനം വഴി മണ്ഡലം നിലനിർത്താമെന്ന മമത ബാനർജിയുടെ സ്വപ്നങ്ങൾക്ക് കനത്ത ആഘാതം നൽകുന്നതാണ് ‘സന്ദേശ്ഖലി സമരനായിക’ എന്ന് വിശേഷിപ്പിക്കാവുന്ന രേഖ പത്രയുടെ ബിജെപി സ്ഥാനാർത്ഥിത്വം. സിഎഎയുടെ മറവിൽ കുപ്രചരണം അഴിച്ചുവിട്ട് സന്ദേശ്ഖലി വിഷയത്തിലെ പ്രാദേശിക രോഷം തണുപ്പിക്കാനുള്ള മമതയുടെ തന്ത്രവും ഇതോടെ പാളിയിരിക്കുകയാണ്. നാരീശക്തിയുടെ സമരവീര്യം ബംഗാളിൽ തൃണമൂലിന്റെ അടിവേരറക്കുമോ? നമുക്ക് കാത്തിരുന്നു കാണാം.
Discussion about this post