ഇറ്റാനഗർ : മലയാളികളായ മൂന്ന് പേരെ ഇറ്റാനഗറിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ നവീൻ , ദേവി എന്നി ദമ്പതികളും സുഹൃത്തായ ആര്യയുമാണ് മരിച്ചത്. അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിലാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്.
മരണപ്പെട്ട ആര്യ തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയാണ്. കഴിഞ്ഞ മാസം 27 ന് ആര്യയെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിൽ ആര്യയുടെ സുഹൃത്തായ ദേവിയും ഭർത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായിരുന്നു. വിമാന മാർഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് കൂട്ട മരണത്തിന്റെ വിവരം പുറത്ത് വന്നത്. മൂവരുടെയും ശരീരത്തിൽ വ്യത്യസ്തമായ മുറിവുകൾ ഉണ്ടായിരുന്നു. ഇതിൽ നിന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സന്തോഷകരമായി ഞങ്ങൾ ജീവിച്ചു. ഇനി പോവുകയാണ് എന്നാണ് കുറിപ്പിൽ എഴുതിയിരുന്നത്. ഇവർ മരണാനന്തര ജീവിതത്തെ കുറിച്ചൊക്കെ സോഷ്യൽ മീഡിയയിൽ പരിശോധിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി എന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ് എന്നും പോലീസ് അറിയിച്ചു.









