ന്യൂഡല്‍ഹി: നടപടിക്രമങ്ങൾ പാലിക്കാതെയും കൃത്യമായ അറിയിപ്പ് കാലയളവ് നല്‍കാതെയും ബൈജൂസ് ജീവനക്കാരെ പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്. യാതൊരു മുന്നറിയിപ്പും നല്‍കാതെ ഫോൺ കോളിലൂടെ അറിയിപ്പ് നല്‍കിയാണ് ജീവനക്കാരെ പിരിച്ചു വിടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് തിങ്ക് ആൻഡ് ലേൺ ജീവനക്കാരെ ജോലിയില്‍ നിന്നും പറഞ്ഞു വിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തിൽ എകദേശം 500 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, സിഇഒ ബൈജു രവീന്ദ്രൻ ഉൾപ്പെടെയുള്ള സ്ഥാപകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബൈജൂസ് ഗ്രൂപ്പിന്റെ നാല് നിക്ഷേപകർ കമ്പനി മാനേജ്‌മെൻ്റിനെതിരെ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൻ്റെ (എൻസിഎൽടി) ബെംഗളൂരു ബെഞ്ചിന് മുമ്പാകെ പരാതി നല്‍കിയിരുന്നു ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബൈജൂസിന്റെ മുപ്പതോളം ട്യൂഷൻ സെൻ്ററുകൾ ആണ് ഇതുവരെ അടച്ചു പൂട്ടിയത്.
ഇതിനിടെ തുടർച്ചയായ രണ്ടാം മാസവും ബൈജൂസിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരുന്നു. അവകാശ ഓഹരി പുറത്തിറക്കിയതിലൂടെ സമാഹരിച്ച തുക ചെലവഴിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച വിദേശ നിക്ഷേപകരുടെ നിലപാട് മൂലമാണ് ശമ്പളം മുടങ്ങിയതെന്ന് ബൈജൂസ് അധികൃതർ കുറ്റപ്പെടുത്തി.
Discussion about this post