തൃശൂർ: വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒഡീഷ സ്വദേശി രജനീകാന്തിനെ പാലക്കാട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
രാത്രിയോടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്നും പറ്റ്‌നയിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. വെളപ്പായയിൽ എത്തിയപ്പോൾ രജനീകാന്ത് ഉണ്ടായിരുന്ന കോച്ചിലേക്ക് വിനോദ് ടിക്കറ്റ് പരിശോധനയ്ക്കായി എത്തി. വാതിലിന് സമീപത്ത് ആയിരുന്നു രജനീകാന്ത് ഉണ്ടായിരുന്നത്. ടിക്കറ്റ് ചോദിച്ച വിനോദിനെ ഇയാൾ പുറത്തേക്ക് തള്ളിയിടുകയായിരുന്നു
വിനോദിന്റെ ശരീരത്തിലൂടെ ട്രെയിൻ കയറി ഇറങ്ങി. തീവണ്ടിയിൽ ഉണ്ടായിരുന്ന മറ്റ് യാത്രികരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പാലക്കാട് തീവണ്ടിയെത്തിയപ്പോൾ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. സംഭവ സമയം ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് വിവരം.
വിനോദിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.












