ഘാന: ഘാനയിൽ 63 കാരനായ പുരോഹിതൻ 12 കാരിയെ വിവാഹം കഴിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസമാണ് പരമ്പരാഗത ചടങ്ങിൽ വച്ച് വയോധികനും കൗമാരക്കാരിയും തമ്മിലുള്ള വിവാഹം നടന്നത്. തലസ്ഥാനമായ അക്രയിലെ നുങ്കുവ ഏരിയയിലെ ആത്മീയ നേതാവായ നുമോ ബോർകെറ്റി ലവേ സുരു XXXIII എന്നയാളാണ് ഒരു വലിയ ചടങ്ങിൽ വച്ച് കുട്ടിയെ വിവാഹം കഴിച്ചത്. ‘ഗ്‌ബോർബു വുലോമോ’ അല്ലെങ്കിൽ പരമ്പരാഗത മഹാപുരോഹിതൻ എന്നറിയപ്പെടുന്ന ഇയാൾ സുരു, നുങ്കുവ തദ്ദേശീയ സമൂഹത്തിൽ കാര്യമായ ആത്മീയ അധികാരം വഹിക്കുന്നയാളാണ്.
നിരവധിപേർ പങ്കെടുത്ത വിവാഹച്ചടങ്ങിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെയാണ് പുറത്ത് വന്നത്. ഈ ആചാരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച നിരവധി ഘാനക്കാർ പ്രതിഷേധം സംഘടിപ്പിച്ചു. 18 വയസാണ് ഘാനയിലെ വിവാഹപ്രായം. വിവാഹം വേർപെടുത്തി വൈദികനെതിരേ അന്വേഷണം വേണമെന്നും വിമർശകർ ആവശ്യപ്പെട്ടിട്ടുണ്ട്.
വിമർശനങ്ങൾക്കിടയിലും, നിരവധി സമുദായ നേതാക്കൾ സംഭവത്തെ ന്യായീകരിച്ചു, ആളുകൾക്ക് അവരുടെ ആചാരങ്ങളും പാരമ്പര്യങ്ങളും മനസ്സിലാകുന്നില്ലെന്ന് പറഞ്ഞു. പുരോഹിതന്റെ ഭാര്യയെന്ന നിലയിൽ പെൺകുട്ടിയുടെ പങ്ക് ‘തികച്ചും പാരമ്പര്യവും ആചാരവുമാണ്’ എന്ന് പ്രാദേശിക മതനേതാവ് നി ബോർട്ടെ കോഫി ഫ്രാങ്ക്വാ കക പറഞ്ഞു.ആറാമത്തെ വയസ്സിൽ പുരോഹിതന്റെ ഭാര്യയാകാൻ ആവശ്യമായ ആചാരങ്ങൾ പെൺകുട്ടി ആരംഭിച്ചെങ്കിലും ഇത് അവളുടെ വിദ്യാഭ്യാസത്തിന് തടസ്സമായില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് പ്രസവം ഉൾപ്പെടെയുള്ള വിവാഹ ഉത്തരവാദിത്തങ്ങൾക്കായി പെൺകുട്ടിയെ ഒരുക്കുന്നതിനായി രണ്ടാമത്തെ ആചാരപരമായ ചടങ്ങ് ഉടൻ നടക്കുമെന്നാണ് വിവരം.
Discussion about this post