കാസര്‍കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രയ്ക്ക് തുടക്കമായി. കാസര്‍കോട്ടെ മഞ്ചേശ്വരത്ത് നിന്നാണ് യാത്രയ്ക്ക് തുടക്കമായത്.
കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു യാത്ര ഉദ്ഘാടനം ചെയ്തു. നടന് സുരേഷ് ഗോപി ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. പുതിയ കേരളം, സംശുദ്ധ രാഷ്ട്രീയം എന്ന മുദ്രാവാക്യവുമായാണ് വിമോചന യാത്ര.
മഞ്ചേശ്വരത്തു നിന്നു തുടങ്ങുന്ന വിമോചനയാത്ര അടുത്തമാസം പത്തിന് തിരുവനന്തപുരത്ത് സമാപിക്കും. യാത്ര കഴിയുന്നതോടെ പാര്‍ട്ടിക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് യാത്രയുടെ സമാപന സമ്മേളനത്തിനെത്തും.
എല്ലാവര്ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്നീ മുദ്രാവാക്യമുയര്‍ത്തി മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയാണ് വിമോചനയാത്ര.
വികസിത കേരളത്തിനായി പോരാടാനുള്ള പ്രതിജ്ഞ സുരേഷ് ഗോപി ചൊല്ലിക്കൊടുത്തു. .നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിനു നല്കിയ സഹായങ്ങള്‍ സംബന്ധിച്ച ഹൃസ്വ ചിത്രത്തിന്റെ പ്രദര്‍ശനം ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചു നടന്നു.
കേരളത്തിന്റെ രാഷ്ട്രീയ വികസന കാര്യങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ സംവിധാനം ഒരുക്കുന്ന വാഹനവും യാത്രയ്ക്കൊപ്പം ഉണ്ട്. ‘എന്റെ നാട് എങ്ങനെ വേണം’ എന്നതിനെകുറിച്ച് പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയും. സംസ്ഥാനത്തുടനീളം വിമോചന യാത്രയ്ക്കിടയില്‍ വിവിധ സമുദായിക സാസ്കാരിക നായകര്‍, ഭൂസമരങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നവര്‍ തുടങ്ങിയവരുമായി യാത്രാ നായകന് കുമ്മനം രാജശേഖരന് ചര്‍ച്ചകള്‍ നടത്തും.
എഴുപതോളം വാഹനങ്ങള്‍ യാത്രയില്‍ അണിനിരക്കുന്നുണ്ട്. നാടന്‍പാട്ട്, തെരുവ് നാടകം തുടങ്ങിയവ അവതരിപ്പിക്കുന്ന ബിജെപി കലാസാംസ്കാരിക വിഭാഗം സഞ്ചരിക്കുന്ന ഉണര്‍വ്വ് കലാജാഥാവാഹനങ്ങള് രണ്ടെണ്ണമുണ്ട്. 25 പേരടങ്ങുന്നതാണ് സംഘം. ബിജെപി സംസ്ഥാന ഘടകവും ജന്മഭൂമിയും പ്രസിദ്ധീകരിക്കുന്ന 21ഓളം പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള പ്രത്യേക വാഹനവും യാത്രയിലുണ്ടാകും. ജാഥാനായകന് കുമ്മനം രാജശേഖരനും ജാഥ അംഗങ്ങള്‍ക്കും പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനായി രണ്ട് മനോഹരമായ രഥമാതൃകയിലുള്ള വേദികളാണ് ഒരുക്കിയിരിക്കുന്നത്.
വിമോചനയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും ചിത്രങ്ങളും അപ്പപ്പോള്‍ ലോകത്തെ അറിയിക്കാന്‍ ആധുനിക മീഡിയ വാനും ഒരുങ്ങിയിട്ടുണ്ട്. പത്രങ്ങള്‍, ദൃശ്യശ്രവ്യ മാധ്യമങ്ങള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ പോലെയുള്ള സാമൂഹ്യമാധ്യമങ്ങള്‍, വെബ്സൈറ്റുകള്‍ എന്നിവക്കൊക്കെ തത്സമയം വാര്‍ത്തകള്‍ വിതരണം ചെയ്യാനുള്ള സംവിധാനമുണ്ട്. ‘എന്റെ നാട് എങ്ങനെ’ എന്ന അഭിപ്രായ സര്‍വ്വേക്ക് പ്രത്യേക വാഹനമുണ്ട്. നാട്ടിലെ വികസനസാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായം രേഖപ്പെടുത്തി വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിക്കാം.
ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് പുറമെ 150ഓളം വളണ്ടിയര്‍മാരും യാത്രയുടെ ഭാഗമാകുന്നുണ്ട്.
Discussion about this post