വയനാട് : സുഗന്ധഗിരി മരംമുറിക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കേസിലെ ആറ് പ്രതികളാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നത്. വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ആണ് പ്രതികളുടെ മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ തള്ളിയത്.
റിസർവ്ഡ് വനത്തിലാണ് മരം മുറി നടന്നത് എന്നുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇക്കാര്യം ശരി വെച്ച് കോടതി മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ തള്ളുകയായിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാ
ണെന്ന് വനം വകുപ്പ് വ്യക്തമാക്കി. സുഗന്ധഗിരിയിൽ ആദിവാസികൾക്ക് പതിച്ചു കൊടുത്ത ഭൂമിയിൽ വീടിനു ഭീഷണിയായ 20 മരങ്ങൾ മുറിച്ചു മാറ്റാൻ ഇവിടുത്തെ കുടുംബങ്ങൾ അപേക്ഷ നൽകിയിരുന്നു. മരം മുറിക്കാൻ അനുമതി ലഭിച്ചതോടെ ഇതിന്റെ മറവിലായി ചില വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നൂറിലേറെ മരങ്ങൾ മുറിച്ചുമാറ്റി എന്നാണ് നാട്ടുകാർ പരാതി ഉയർത്തിയിട്ടുള്ളത്. സംഭവത്തിൽ ആറുപേരെ പ്രതിചേർത്ത് വനം വകുപ്പ് കേസ് എടുത്തിട്ടുണ്ട്.








