വയനാട്; കോൺഗ്രസ് നേതാവും വയനാട്ടിലെ സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. രാഹുലിന് ആകെ 20 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ സ്വന്തമായി വാഹനമോ താമസിക്കാൻ ഫ്ളാറ്റോ ഇല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
55,000 രൂപ മാത്രമാണ് പണമായി കൈവശമുള്ളതെന്നും 2022 23 സാമ്പത്തിക വർഷത്തിൽ 1,02,78,680 രൂപയാണ് ആകെ വരുമാനമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കുന്നു. തന്റെ പേരിൽ ബാങ്കിൽ 26.25 ലക്ഷം രൂപ നിക്ഷേപമുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. 4.33 കോടി രൂപയാണ് അദ്ദേഹത്തിന്റെ ഓഹരി വിപണിയിലെ ആകെ നിക്ഷേപം. മ്യൂച്വൽ ഫണ്ടുകളിൽ 3.81 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. അതേസമയം സോവറിൻ ഗോൾഡ് ബോണ്ടിലെ നിക്ഷേപം 15.2 ലക്ഷം രൂപയാണ്. ഇവയ്ക്ക് പുറമെ 4.2 ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ടെന്നും വ്യക്തമാക്കുന്നു.
കൂടാതെ രാഹുൽ ഗാന്ധിയുടെ പേരിൽ എൻഎസ്എസ്, തപാൽ സേവിംഗ്, ഇൻഷുറൻസ് പോളിസികളിലായി ഏകദേശം 61.52 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. 9,24,59,264 രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് രാഹുൽ ഗാന്ധിക്കുള്ളത്. ഇത്തരത്തിൽ അദ്ദേഹത്തിന്റെ ആകെ ആസ്തി 20,38,61,862 രൂപയാണ്. ഇവയ്ക്കൊപ്പംതന്നെ അദ്ദേഹത്തിന് ഏകദേശം 49,79,184 രൂപയുടെ ബാധ്യതയുണ്ട്.
Discussion about this post