തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം നേതാവ് പി.കെ. ബിജു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരായി. മുഖ്യ പ്രതി സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ബിജുവിനെ ഇഡി ചോദ്യം ചെയ്യുന്നത്. ഇഡി ചോദ്യം ചെയ്യട്ടേ എന്നും തനിക്ക് അറിയുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും മാദ്ധ്യമങ്ങളോട് ബിജു പറഞ്ഞു.
റിമാൻഡിൽ കഴിയുന്ന മുഖ്യ പ്രതി സതീഷ് കുമാർ ബിജുവിനെ സാമ്പത്തികപരമായി സഹായിച്ചിട്ടുണ്ട്. കള്ളപ്പണ ഇടപാടിൽ നിന്ന് സമ്പാദിച്ച പണത്തിൽ നിന്നാണ് സതീഷ് ബിജുവിനെ സഹായിച്ചിരിക്കുന്നത്. കൂടാതെ കരുവന്നൂർ തട്ടിപ്പിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ചുമതല പി കെ ബിജുവിനായിരുന്നു. അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ട് സിപിഎം രഹസ്യമായി വയ്ക്കുകയാണ് ചെയ്തത്. അന്വേഷണം നടത്തിയ ആളെന്ന നിലയിൽ് ക്രമകേടിന് ആരൊക്കെയാണ് കൂട്ട് നിന്നത് എന്ന് ബിജുവിന് കൃത്യമായി അറിയാം. അതുകൊണ്ട് ബിജുവിൽ നിന്ന് വിവരങ്ങൾ അറിയണം എന്നുമാണ് ഇഡി വ്യക്തമാക്കുന്നത്.
കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസിന് വീണ്ടും ഇഡി നോട്ടീസ് നൽകി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തിരക്കിലാണെന്നും ഇ ഡിയുടെ ചോദ്യം ചെയ്യലിന് 26 ന് ശേഷം ഹാജരാകാമെന്ന് എംഎം വർഗ്ഗീസ് അറിയിക്കുകയായിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ഇഡി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് നൽകിയത്.












