അനന്തപുരി: മാഗസിന്റെ കവര്‍ ചിത്രത്തില്‍ വിഷ്ണുവായി പ്രത്യക്ഷപ്പെട്ട ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് പിന്‍വലിച്ചു. ആന്ധ്രപ്രദേശിലെ അനന്ദപൂര്‍ പ്രാദേശിക കോടതിയാണ് വാറണ്ട് പിന്‍വലിച്ചത്.
ധോണി ഹിന്ദു മതവികാരം വൃണപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി ആന്ധ്രയിലെ പ്രാദേശിക വിഎച്ച്പി നേതാവ് നല്കിയ ഹര്‍ജിയിലാണ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ പുറപ്പെടുവിച്ചിരുന്നത്. ധോണിയുടെ മീഡിയ മാനേജ്മെന്റ് കമ്പനിയായ റിതി സ്പോര്‍ട്സ് ആണ് ഇക്കാര്യം അറിയിച്ചത്. ജാമ്യമില്ലാ വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ധോണിക്ക് വേണ്ടി അഭിഭാഷകനായ രജനീഷ് ചോപ്രയാണ് കോടതിയെ സമീപിച്ചത്.
2013 ഏപ്രില്‍ ലക്കം ബിസിനസ് ടുഡെ മാസികയുടെ കവര്‍ചിത്രമായാണ് മഹാവിഷ്ണുവായി ധോണി പ്രത്യക്ഷപ്പെട്ടത്. വലിയ ഇടപാടുകളുടെ ദൈവം എന്ന തലക്കെട്ടിലാണ് ധോണി മഹാവിഷ്ണുവായി പ്രത്യക്ഷപ്പെട്ടത്. ഷൂ ഉള്‍പ്പെടെ വിവിധ ഉത്പന്നങ്ങളുമായാണ് ധോണി വിഷ്ണുവായി വന്നത്. ഇത് മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണെന്ന് ആരോപിച്ചാണ് ശിവസേന ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ രജീന്ദര്‍ സിങ് രാജ ധോണിയ്ക്കെതിരെ കോടതിയെ സമീപിച്ചത്.
Discussion about this post