കൊൽക്കത്ത: സന്ദേശ്ഖാലി വിഷയത്തിൽ ബംഗാൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കൊൽക്കത്ത ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സർക്കാരിനെ വിമർശിച്ചത്. ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ബംഗാൾ സർക്കാർ ഇതിൽ പരാജയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സന്ദേശ്ഖാലി ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
‘ഈ വിഷയം തികച്ചും ലജ്ജാകരമാണ്. സ്ത്രീകൾക്ക് സുരക്ഷിതമായ ജീവിത രീതി ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരാണ്. അവിടെയുണ്ടായ പ്രശ്‌നങ്ങളുടെ ധാർമിക ഉത്തരവാദിത്വം ജില്ലാ ഭരണകൂടവും സർക്കാരുമാണ് ഏറ്റെടുക്കേണ്ടത്. ജനങ്ങളുടെ സുരക്ഷ ഭീഷണിയിലാണെങ്കിൽ അത് കൈകാര്യം ചെയ്യേണ്ടത് ഭരിക്കുന്ന പാർട്ടിയുടെ ചുമതലയാണ്. ഇതിൽ 100 ശതമാനം ഉത്തരവാദിത്വവും ഭരണകക്ഷിക്കാണുള്ളത് ‘ -കോടതി വ്യക്തമാക്കി
കേസിൽ ഷെയ്ഖ് ഷാജഹാന് വേണ്ടി ഹാജരായ അഭിഭാഷകനെയും കോടതി വിമർശിച്ചു. ജാമ്യാപേക്ഷ തീർപ്പാക്കാത്തതിനാൽ ഒളിവിൽ പോകാൻ ആവശ്യപ്പെട്ടത് താനാണെന്ന് ഷാജഹാന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് കോടതി അഭിഭാഷകനെ വിമർശിച്ചത്. ഫെബ്രുവരി 29 നാണ് ഷെയ്ഖ് ഷാജഹാൻ അറസ്റ്റിലായത്. നാളുകൾ നീണ്ട പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിലാണ് മുഖ്യപ്രതിയായ തൃണമൂൽ നേതാവിനെ പിടികൂടാൻ പോലീസും സർക്കാരും തയ്യാറായത്.
Discussion about this post