തിരുവനന്തപുരം: ഭീകരവാദം പ്രമേയമാകുന്ന ചിത്രം ദി കേരള സ്‌റ്റോറി ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നതിനെതിരെ രംഗത്ത് വന്ന ഇടതു പക്ഷത്തെ വിമർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ആവിഷ്‌കാര സ്വാതന്ത്ര്യം പൊക്കിപ്പിടിച്ചു നടക്കുന്നവർ ദി കേരള സ്റ്റോറിയുടെ കാര്യത്തിൽ ഇത്രയ്ക്ക് ആശങ്കപ്പെടേണ്ട കാര്യം എന്താണെന്ന് മുരളീധരൻ ചോദിച്ചു. സിനിമയെ ഒരു കലാസൃഷ്ടിയായി കാണണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവിഷ്‌കാര സ്വതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നവരാണ് ഇടത് പക്ഷം. എന്നാൽ ദി കേരള സ്‌റ്റോറിയുടെ സംപ്രേഷണത്തിന്റെ കാര്യത്തിൽ മാത്രം ഇവർ ഇത്ര ആശങ്കയെന്താണ്?.
സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രമാണ് ദി കേരള സ്‌റ്റോറി. ഈ സിനിമ ഒരു കലാസൃഷ്ടിയാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
എന്തിനാണ് സിനിമയെ എതിർക്കുന്നത്. ഇതിന്റെ കാരണം എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. അനാവശ്യ ആരോപണങ്ങൾ ഉയർത്തി പ്രശസ്തിയാർജ്ജിച്ച പാർട്ടിയാണ് ഇടത് പക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ദി കേരള സ്റ്റോറി ദൂരദർശനിലൂടെ സംപ്രേഷണം ചെയ്യാൻ പോകുന്നതായുള്ള വിവരം പുറത്തുവന്നത്. ഇതിന് പിന്നാലെ സംപ്രേഷണം ചെയ്യരുത് എന്ന് ദൂരദർശനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി രംഗത്ത് എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. സിനിമ ദൂരദർശൻ വഴി സംപ്രേഷണം ചെയ്താൽ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നായിരുന്നു ഇതിന് മുഖ്യമന്ത്രി നൽകിയ വിശദീകരണം.
Discussion about this post