തിരുവനന്തപുരം : കെഎസ്ആർടിസിയെ ലാഭത്തിൽ ആക്കാനുള്ള ശ്രമത്തിൽ പുതിയൊരു നിർദ്ദേശവും കൂടി പുറത്തിറക്കിയിരിക്കുകയാണ് ഗതാഗത മന്ത്രി. ഇനിമുതൽ രാവിലെ ഡ്യൂട്ടിക്ക് കയറുന്ന കെഎസ്ആർടിസി ജീവനക്കാരെ ‘ഊതിപ്പിച്ച’ ശേഷം ആയിരിക്കും ഡ്യൂട്ടിയിൽ പ്രവേശിക്കാൻ അനുവദിക്കുക. ഇതിനായി എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും ബ്രീത്ത് അനലൈസറുകൾ സൂക്ഷിക്കണമെന്നും ഗതാഗത മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
ഡ്യൂട്ടിക്ക് പ്രവേശിക്കുന്നതിനു മുൻപുള്ള പരിശോധന കൂടാതെ റൂട്ടുകളിൽ വെച്ച് പ്രത്യേക സ്ക്വാഡുകളുടെ പരിശോധനയും ഉണ്ടായിരിക്കുന്നതാണ്. സർവീസ് നടത്തുന്ന ബസുകളിൽ അടക്കം പരിശോധന നടത്തും. ജോലി സമയത്ത് കെഎസ്ആർടിസി ജീവനക്കാർ മദ്യപിക്കുന്നു എന്നതടക്കമുള്ള വ്യാപക പരാതിയെ തുടർന്നാണ് ഗതാഗത മന്ത്രിയുടെ ഈ പുതിയ തീരുമാനം.
ഡ്രൈവർ, കണ്ടക്ടർ, ഓഫീസ് ചുമതലയുള്ള മറ്റു ഉദ്യോഗസ്ഥർ എന്നിവർക്ക് എല്ലാം തന്നെ ഈ ഊതിക്കൽ ബാധകമായിരിക്കും. എന്നാൽ നിർദ്ദേശം നടപ്പിലാക്കുന്നതിനായി അല്പം കാലതാമസം എടുത്തേക്കുമെന്നാണ് സൂചന. നിലവിൽ കെഎസ്ആർടിസിയിൽ 20 ബ്രീത്ത് അനലൈസർ മാത്രമാണ് ഉള്ളത് എന്നുള്ളതാണ് ഇതിന് കാരണം. ഉടൻ തന്നെ എല്ലാ ഡിപ്പോകളിലേക്കും ബ്രീത്ത് അനലൈസറുകൾ വാങ്ങും എന്നാണ് കെഎസ്ആർടിസി അറിയിക്കുന്നത്.
Discussion about this post